കൊല്ലം: പ്രതിഭാ ജംഗ്ഷൻ- കൈപ്പള്ളിമുക്ക് റോഡിന്റെ ഇരുവശങ്ങളിലും പരിസരത്തും താമസിക്കുന്നവർക്ക് കൊടും ദുരിതം സമ്മാനിച്ച് നഗരസഭ. പഴയ പ്രതിഭാ ആശുപത്രിക്ക് സമീപത്ത് നിന്നും കൈപ്പള്ളിമുക്ക് വരെയുള്ള റോഡിലെ ഓട നിറഞ്ഞ് റോഡാകെ മാലിന്യക്കുളമായിരിക്കുകയാണ്. ഒരു മഴ പെയ്താൽ ഈ റോഡിലൂടെ സഞ്ചരിക്കാൻ പോയിട്ട് പരിസരത്തുള്ളവർക്ക് ദുർഗന്ധം കാരണം ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.

2019ൽ നിർമ്മിച്ച ഓട കടപ്പാക്കട- കരിക്കോട് റോഡിലെ പൊതുമരാമത്ത് വകുപ്പിന്റെ ഓടയുമായി ബന്ധിപ്പിക്കാത്തതാണ് പ്രശ്നം. പരിസര പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യം ഈ ഓടയിൽ വന്നടിയും. മഴ പെയ്യുമ്പോൾ ഓട നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് പരക്കും. പിന്നെ കാൽനടയാത്രക്കാർക്ക് ദിവസങ്ങളോളം ഇതുവഴി സഞ്ചരിക്കാൻ കഴിയില്ല. മഴ തുടർച്ചയായി പെയ്യുമ്പോൾ വെള്ളക്കെട്ടായി കറുത്തിരുണ്ട മലിനജലം ഇതുവഴി പോകുന്ന വാഹനങ്ങൾക്കുള്ളിലും കയറും. അസഹ്യമായ ദുർഗന്ധം സൃഷ്ടിക്കുന്ന ശ്വാസം മുട്ടിന് പുറമേ പ്രദേശവാസികൾ പകർച്ചാവ്യാധി ഭീഷണിയിലുമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് സ്ഥിതി ഇത്രയും രൂക്ഷമായത്.ഈ ഓടയെ പൊതുമരാമത്ത് വകുപ്പിന്റെ ഓടയുമായി ഉടൻ ബന്ധിപ്പിക്കുന്നുമെന്ന് നഗരസഭ അധികൃതർ കാലങ്ങളായി പറയുന്നുണ്ടെങ്കിലും നടക്കുന്നില്ല. മാസ് ഡ്രൈവിൽ ഉൾപ്പെടുത്തി ഓട ശുചീകരിക്കലും അനനന്തമായി നീളുകയാണ്.

'' കൈപ്പള്ളിമുക്കിൽ നിന്നുള്ള ഓട നാട്ടുകാർക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. മഴ പെയ്താൽ റോഡിലാകെ കറുത്തിരുണ്ട ജലമാണ് പരക്കുന്നത്. തുടർച്ചയായി മഴ പെയ്താൽ വെള്ളക്കെട്ട് താഴാൻ ദിവസങ്ങളെടുക്കും. "

എ. ശശാങ്കൻ

സെക്രട്ടറി, നവോദയ ഗ്രന്ഥശാല

'' പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിലുള്ള ദുരിതമാണ് ഈ ഓട പ്രദേശവാസികൾക്ക് നൽകുന്നത്. ഈ സ്ഥിതി തുടർന്നാൽ പ്രദേശവാസികൾക്കെല്ലാം കടുത്ത രോഗങ്ങൾ പിടിപെടും. എത്രയും വേഗം ഈ ഓടയെ പ്രധാന ഓടയുമായി ബന്ധിപ്പിക്കണം. താൽക്കാലിക പരിഹാരമായി ഓട ശുചീകരിക്കണം."

രാജ്ലാൽ

പൊതു പ്രവർത്തകൻ

'' അധികൃതർ അടിയന്തിരമായി ഇടപെടണം. മാതൃകാ റോഡ് എന്ന് പറഞ്ഞ് നിർമ്മിച്ചിട്ടിപ്പോൾ മഴ പെയ്താൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് "

കെ.സുന്ദരേശൻ

പ്രദേശവാസി