കൊട്ടാരക്കര: കോട്ടാത്തല പണയിൽ- വല്ലം- കുറവൻചിറ റോഡ് തകർന്ന് തരിപ്പണമായി. മെറ്റലുകൾ ഇളകിത്തെറിച്ച് നിരന്തരം അപകടമുണ്ടായിട്ടും അധികൃതരുടെ ശ്രദ്ധ പതിയുന്നില്ല. കൊട്ടാരക്കര- പുത്തൂർ റോഡിൽ കിടങ്ങിൽ ഭാഗത്ത് നിന്നുള്ള റോഡും പണയിൽ കാരായിക്കോട്ട് ഭാഗത്തുനിന്നുള്ള റോഡും വട്ടവിള ഭാഗത്ത് സംഗമിച്ചാണ് വല്ലം ക്ഷേത്ര ഭാഗത്തേക്ക് പോകുന്നത്. ഇവിടെ നിന്ന് കുറവൻചിറ ഭാഗത്തേക്കുള്ള റോഡും അതിന്റെ ഭാഗമാണ്. എല്ലായിടത്തും റോഡിലെ ടാറിംഗിന്റെ പൊടിപോലുമില്ല. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല വാർഡിലാണ് റോഡിന്റെ ഭൂരിഭാഗം. അവണൂർ, വല്ലം, കുറുമ്പാലൂർ വാർഡുകളും മറുവശത്തായി വരുന്നുണ്ട്. ഇത്രയും വാർഡുകൾ സംഗമിക്കുന്ന പ്രധാന പാതയായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകുന്നില്ല.
റീ ടാറിംഗ് നടത്തിയില്ല
രണ്ട് പതിറ്റാണ്ട് മുൻപാണ് റോഡ് ആദ്യമായി ടാറിംഗ് നടത്തിയത്. പണയിൽ- കുറവൻചിറ റോഡിനായി അന്ന് നബാർഡിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ ഫണ്ട് അനുവദിച്ചപ്പോഴേക്കും മറ്റൊരു പദ്ധതിയിൽ ഉൾപ്പെടുത്തി ഈ റോഡിന്റെ ടാറിംഗ് നടത്തി. തുടർന്നാണ് പണയിൽ- വല്ലം- കുറവൻചിറ റോഡാക്കി അടുത്ത റോഡിലേക്ക് തുക മാറ്റിയതും ടാറിംഗ് നടത്തിയതും. പിന്നീട് രണ്ടുതവണ ചില്ലറ അറ്റകുറ്റപ്പണികൾ നടത്തിയതൊഴിച്ചാൽ കാര്യമായ റീ ടാറിംഗ് നടത്തിയില്ല.
തെരുവ് വിളക്കുകൾ തെളിയുന്നില്ല
ഈ ഭാഗത്ത് തെരുവ് വിളക്കുകൾ തെളിയാറില്ല. മലയിൽപാറ ഭാഗത്ത് ഒരാഴ്ച മുൻപ് മലമ്പാമ്പിനെ കണ്ടെത്തുകയും വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മറ്റ് ഇഴജന്തുക്കളുടെ ശല്യവും ഏറുന്നുണ്ട്.
ശനിദശ മാറിയില്ല
പണയിൽ ജംഗ്ഷനിൽ നിന്ന് തേവലപ്പുറം പാറയിൽമുക്കുവരെയുള്ള റോഡും തീർത്തും തകർച്ചയിലാണ്. തലയണിവിള ഭാഗം മുതൽ പാറയിൽമുക്കുവരെയാണ് കൂടുതൽ തകർച്ച. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് മൂന്നാഴ്ച മുൻപ് റോഡ് നവീകരണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നുവെങ്കിലും ഇതുവരെ തുടർ നടപടികളില്ല.
പണയിൽ- വല്ലം- കുറവൻചിറ റോഡിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാണ്. വല്ലം ക്ഷേത്രത്തിൽ പോകുന്നവർക്കും അവിടെയുള്ളവർക്ക് പണയിൽ ക്ഷേത്രത്തിലടക്കം പോകുന്നതിനും ഈ റോഡാണ് പ്രധാന ആശ്രയം. സന്ധ്യ കഴിഞ്ഞിട്ടാണ് ഭക്തർ തിരികെ വീടുകളിലേക്ക് മടങ്ങുക. റോഡിന്റെ ഈ ദുരിതാവസ്ഥ അവർക്ക് കൂടുതൽ ബുദ്ധിമുട്ടാകും. അടിയന്തരമായി മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.
സി.രാജ് കിഷോർ, വാഴവിള, പൊതുപ്രവർത്തകൻ
കോട്ടാത്തല ഭാഗത്തെ മിക്ക റോഡുകളും തകർച്ചയിലാണ്. രാവിലെ പത്ര വിതരണത്തിന് പോകുമ്പോൾ വലിയ ബുദ്ധിമുട്ടുണ്ടാകുന്നു. മന്ത്രിയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഇടപെടണം.
ജി. ഷൈജു ആനക്കോട്ടൂർ, കേരളകൗമുദി ഏജന്റ്