 
കൊല്ലം: സംസ്ഥാനത്ത് എട്ട് വർഷത്തിനുള്ളിൽ കുളമ്പുരോഗ നിർമാർജ്ജനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പോരുവഴി ഗ്രാമപഞ്ചായത്തിലെ ദേവഗിരിമലയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി.
വീടുകളിൽ നായ്ക്കളെ വളർത്തുന്നതിനുള്ള ലൈസൻസ് സംബന്ധിച്ച ബോധവത്കരണവും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടില്ലാത്ത നായ്ക്കളുടെ വിവരശേഖരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മ, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ കെ. അജിലാൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.