brazil-sudheer

കൊല്ലം: ലോകകപ്പ് ഫുട്ബാൾ ജ്വരം ലോകംമുഴുവൻ കത്തിപ്പടരുമ്പോൾ ബ്രസീൽ ടീമിനോടുള്ള ആരാധനമൂത്ത് വീടിനും വാഹനങ്ങൾക്കും ബ്രസീൽ പതാകയുടെ നിറം നൽകി ആവേശക്കൊടുമുടിയിലാണ് കൊല്ലം സ്വദേശി സുധീർ. ബ്രസീൽ ഫുട്ബാൾ ടീമിന്റെ കട്ടഫാനായ പള്ളിമുക്ക് മഹാത്മാനഗറിൽ സുധീർ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ബ്രസീൽ സുധീറാണ്. ടീമിനോടുള്ള ഇഷ്ടം കൂടി വീടിന്റേയും ലാൻസർ കാറിന്റെയും ആക്ടീവ സ്കൂട്ടറിന്റെയും നിറം ബ്രസീൽ പതാകയായുടെ പോലെ മഞ്ഞയും പച്ചയുമാക്കി.കാറിന്റെ മുന്നിൽ ബ്രസീലിന്റെ പതാകയും സ്ഥാപിച്ചു. പിന്നിൽ ഇഷ്‌ടതാരങ്ങളുടെ സ്റ്റിക്കറും പതിച്ചു. അത്തർ മണമുള്ള ഖത്തറിലെ ലോകകപ്പ് ഞങ്ങൾ ഇങ്ങ് എടുക്കുകയാ എന്നൊരു ബോർഡെഴുതി വീടിന്റെ പടിക്കെട്ടിലും സ്ഥാപിച്ചു.

അർജന്റീനയിൽ നിന്ന്

ബ്രസീലിലേയ്ക്ക്

അർജന്റീനിയൻ ഇതിഹാസം ഡിഗോ മറഡോണയോടുള്ള ആരാധനയാണ് സുധീറിനെ ഫുട്ബാളിലേയ്ക്ക് ആകർഷിച്ചത്. എന്നാൽ മറഡോണ വിരമിക്കുകയും

ബ്രസീൽ ജേഴ്സിയിൽ റൊബർട്ടോ കാർലോസ് നിറഞ്ഞാടുകയും ചെയ്തതോടെ കാനറികളുടെ കട്ടഫാനാവുകയായിരുന്നു.

പഠിക്കുന്ന കാലത്തുൾപ്പെട നാട്ടിൽ ഫുട്ബാൾ ടീമുണ്ടാക്കി കളിച്ച സുധീർ, ഇരുപതാം വയസിൽ തൊഴിലിനായി ഒമാനിലെത്തി. അവിടെ അറബികളെ ഉൾപ്പെടെ കൂട്ടി ടീം ഉണ്ടാക്കി. 2018ലെ ലോകകപ്പ് കാലത്തും വീടിനും സ്കൂട്ടറിനും ബ്രസീൽ ജേഴ്സിയുടെ കളറടിച്ചിരുന്നു. കാറിൽ താരങ്ങളുടെ സ്റ്റിക്കർ പതിപ്പിച്ചു.

എന്നാൽ, ഒരു ഗോളിന് ബ്രസീൽ, ബൽജിയത്തോടെ പരാജയപ്പെട്ട് പുറത്തായതോടെ കൂട്ടുകാർ 'പൊങ്കാല'യിട്ടു. ഇത്തവണ ജേഴ്സിക്ക് പകരം പതാകയുടെ നിറം നൽകുകയായിരുന്നു. കാറിന്റെ നിറം മാറ്റാൻ വർക്ക് ഷോപ്പിൽ നൽകിയ ശേഷമാണ് തൃശൂരിലെ വാഹനാപകടവും തുടർന്നുളള പ്രശ്നങ്ങളും പൊല്ലാപ്പായത്. അതിനാൽ അനുമതി വൈകി. ഒടുവിൽ,​ ഒരുമാസം കൊല്ലം ജില്ലയ്ക്ക് പുറത്ത് പോകരുതെന്ന വ്യവസ്ഥയിൽ അനുമതി കിട്ടി.

മാടൻ നടയിൽ ജ്യൂസ് കട നടത്തുകയാണ് നാൽപ്പത്തിയഞ്ചുകാരനായ സുധീർ. ഭാര്യ തസ്‌നിയും മകൾ ആലിയയും മകൻ ആലിമും കൂടിച്ചേരുമ്പോൾ വീടിനകവും ബ്രസീൽ ആവേശത്തിലാകും.

ഇത്തവണ ബ്രസീൽ കപ്പടിക്കും. പായസ വിതരണം നടത്തി അത് ഞാൻ ആഘോഷമാക്കും.

ബ്രസീൽ സുധീർ