
കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി വീണ്ടും വ്യാപിക്കുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ശക്തികുളങ്ങരയിലെ തുരുത്തുകളിലാണ് ഡെങ്കി കൂടുതലായി കണ്ടെത്തിയത്.
രണ്ട് മാസത്തിനിടെ 120 ഡെങ്കിപ്പനി സംശയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊട്ടാരക്കര മേഖലയിൽ കഴിഞ്ഞ ദിവസം ഒൻപതോളം ഡെങ്കി രോഗബാധിതർ ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കി വൈറസ് ബാധയേറ്റ് മൂന്ന് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ചെറിയ കുട്ടികൾക്കും ആദ്യമായി ഡെങ്കിപ്പനി ബാധിച്ചവർക്കും നേരിയ ലക്ഷണങ്ങളാണ് ഉണ്ടാകുക. ഈഡിസ് വിഭാഗത്തിൽപെട്ട പെൺ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ കടിയേൽക്കുന്നത് തടയുകയാണ് പ്രാരംഭപ്രതിരോധം.
തീരപ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് വളരാനുള്ള സാഹചര്യം വർദ്ധിപ്പിക്കും. കിഴക്കൻ മേഖലയിൽ റബർ പാൽ ശേഖരിക്കുന്ന ചിരട്ടകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനുള്ള നടപടിയും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
2. ചിരട്ട, പാത്രം, കുപ്പി എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക
3. വെള്ളം കരുതുന്ന പാത്രങ്ങൾ മൂടിവയ്ക്കുക
5. ഫ്രിഡ്ജിന് പിന്നിൽ ജലം ശേഖരിക്കുന്ന ട്രേ ഇടയ്ക്കിടെ വൃത്തിയാക്കുക
6. കൊതുകുവല ഉപയോഗിക്കുക
7. ശരീരം പൂർണമായും മറച്ച് വസ്ത്രം ധരിക്കുക
ഡെങ്കിപ്പനി ലക്ഷണം
കടുത്ത പനി തലവേദന കണ്ണ് വേദന സന്ധി വേദന പേശി - അസ്ഥി വേദന ചർമ്മത്തിൽ ചുവന്ന പാടുകൾ മൂക്കിലോ മോണയിലോ നേരിയ രക്തസ്രാവം
അപകടകരമായ ലക്ഷണങ്ങൾ
മൂക്കിൽ നിന്നും മോണയിൽ നിന്നും ഇടവിട്ടുണ്ടാകുന്ന രക്തസ്രാവം
രക്തം ഛർദ്ദിക്കൽ
കറുത്ത നിറത്തിൽ മലവിസർജ്ജനം
മൂത്രത്തിൽ രക്തത്തിന്റെ സാന്നിദ്ധ്യം
വിശപ്പില്ലായ്മ
അതിശക്തമായ വയറുവേദന
ശ്വാസതടസം
അമിത ക്ഷീണവും ബോധക്കേടും
രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ
രോഗികൾ ഉപയോഗിക്കണം
ഉപ്പിട്ട കഞ്ഞിവെള്ളം
തിളപ്പിച്ചാറിയ വെള്ളം
കരിക്കിൻ വെള്ളം
നാരങ്ങാവെള്ളം
പരിഭ്രാന്തിയുടെ ആവശ്യമില്ല, മിക്കവരിലും സാധാരണ പനിപോലെ ഡെങ്കി വന്നുപോകും. ചിലർക്ക് പ്ളേറ്റ്ലെറ്റ് കുറയുകയും ചുവന്ന പാടുകളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറുടെ സേവനം തേടണം.
ഡോ. സുനിൽ കുമാർ, സൂപ്രണ്ട്,
താലൂക്ക് ആശുപത്രി, കൊട്ടാരക്കര