 
പുത്തൂർ: കാരിക്കൽ ഏലായിലെ കർഷകരുടെ പ്രശനങ്ങൾ പരിഹരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കാൻ തിരുമാനം. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന കർഷകൂട്ടായ്മയിലാണ് കർഷകരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കി ജനുവരി മാസത്തോടെ സർക്കാരിനും നബാഡിനും സമർപ്പിക്കാൻ തീരുമാനമായത്. പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബൈജു ചെറുപൊയ്ക, സന്തോഷ് പഴയചിറ, പാടശേഖരസമിതി കുഞ്ഞുമോൻ, സെക്രട്ടറി കോശി ഫിലിപ്പ്, മൈനർ ഇറിഗേഷൻ എക്സിക്ക്യുട്ടിവ് എൻജീനിയർ ഡി.രാജൻ, അസി.എക്സി.എൻജിനീയർ എസ്.എൽ.രേഖ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേരി അലക്സ്, കൃഷി ഓഫീസർ ഡോ.നവിത, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
കർഷകരുടെ ആവശ്യങ്ങൾ:
മഴക്കാലത്ത് വെള്ളം ഏലായിലേക്ക് കുത്തിയൊഴുകുന്നത് തടയണം.
വെട്ടിക്കുഴി പാലത്തിന് സമീപം തോടിന്റെ കോൺക്രീറ്റ് ഭാഗം ഉയർത്തണം.
വള്ളാതുണ്ടിൽ ഭാഗത്തെ തടയണ സംരക്ഷിച്ച് ഷട്ടർ സ്ഥാപിക്കണം.
ഇടത്തോട് പൂർണമായും സംരക്ഷിക്കണം
പഞ്ചായത്തിന്റെ അടിയന്തര സഹായം:
കാരിക്കൽ ഏലായിലെ കർഷകരുടെ പ്രശനങ്ങൾക്ക് അടിയന്തര പരിഹാരത്തിനായി 17ലക്ഷത്തോളം രൂപ അനുവദിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ കർഷകരുടെ യോഗത്തിൽ പറഞ്ഞു. വെട്ടിക്കുഴി പാലത്തിന്റെ കോൺക്രീറ്റ് ഭാഗത്ത് മഴക്കാലത്ത് വെള്ളം ഒഴുകി ഇറങ്ങുന്നത് തടയാൻ 11 ലക്ഷം ,വൈക്കര ഭാഗത്ത് ട്രാക്ടർ പാസേജിന് 2 ലക്ഷം, ഏലാ സംരക്ഷണത്തിന് 4 ലക്ഷം എന്നിവ വകയിരുത്തിയുണ്ട് .വള്ളാന്തുണ്ടിൽ ഭാഗത്ത് തടയണ നിർമ്മിക്കുന്നതിന് കരാർ നൽകിയതായും പ്രസിഡന്റ് അറിയിച്ചു.