kallumkadavu
കല്ലും കടവ് പാലത്തിൽ വാഹനങ്ങൾ കുടിങ്ങിയപ്പോൾ ...

പത്തനാപുരം: കല്ലുംകടവിലെ പുതിയ പാലത്തിന്റെ നിർമ്മാണത്തിനായി മണ്ണ് എടുക്കുന്നതിനിടെ നിലവിലത്തെ പാലത്തിലെ അപ്രോച്ച് റോഡുകൾ വീണ്ടും ഇടിയാൻ സാദ്ധ്യതയുള്ളതിനെ തുടർന്ന് ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. അതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. പാലത്തിന്റെ ഒരു വശത്തുകൂടി മാത്രമാണ് നിലവിൽ വാഹനങ്ങളെ കടത്തി വിടുന്നത്. ചരക്ക് വാഹനങ്ങൾ കടത്തിവിടില്ലന്നും പൊലീസ് അറിയിച്ചു.രണ്ടാഴ്ച മുൻപ് അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്ന് 4 ദിവസത്തേക്ക് പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. നിലവിൽ പൊലീസും കെ.എസ്.ടി.പി തൊഴിലാളികളും വളരെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത് . ശബരിമല സീസൺ ആരംഭിച്ചതോടെ പത്തനാപുരത്ത് ഗതാഗതം രൂക്ഷമാകും.

നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് കോൺഗ്രസ്

പാലം അപകടത്തിലായത് കെ.എസ്.ടി.പി അധികൃതരുടെ അനാസ്ഥയാണന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു. രാവിലെ 11 ഓടെയാണ് സംഭവം. ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞത്.

കെ.എസ്.ടി.പി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ബോധ്യപ്പെട്ടതിന് ശേഷം പാലം പണി പുനരാരംഭിച്ചാൽ മതിയെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം.