കൊട്ടാരക്കര: കോട്ടാത്തല പണയിൽ -വല്ലം കുറവൻചിറ റോഡിൽ കുറ്റിക്കാട് മൂടുന്നു. റോഡിന്റെ മുക്കാൽ ഭാഗവും ടാറിംഗ് ഇളകിമാറി കുണ്ടും കുഴിയുമായി കിടക്കുകയാണ്. എന്നാൽ മലയിൽപ്പാറ ഭാഗത്തുമാത്രം ടാറിംഗ് ഇളകിയിട്ടില്ല. എന്നാൽ ഇവിടെ ഇരുവശവും കുറ്റിക്കാട് വളർന്ന് മൂടുകയാണ്. ഒന്നരയാൾ പൊക്കത്തിൽ ഇരുവശവും കാട് വളർന്നിട്ട് വെട്ടിമാറ്റാൻ അധികൃതർ തയ്യാറാകുന്നില്ല. ഒരാഴ്ച മുൻപ് മലമ്പാമ്പിനെ കണ്ടെത്തിയത് ഈ ഭാഗത്താണ്. രാത്രിയിൽ ഇവിടെ കാട്ടുജീവികളെ കാണാറുണ്ടെന്ന് പ്രദേശത്തുകാർ പറയുന്നു.
മലയിൽപ്പാറ വഴി പോകാൻ ഭയം
വീടുകളില്ലാത്തെ ഭാഗമാണ് മലയിൽപ്പാറ. അതുകൊണ്ടുതന്നെ ഇവിടെ ഇഴജന്തുക്കളുടെയും കാട്ടുജീവികളുടെയും ശല്യം നേരത്തേതന്നെയുണ്ട്. എന്നാൽ റോഡിന്റെ ഇരുവശവും വലിയ തോതിൽ കുറ്റിക്കാട് വളർന്നതിനാൽ യാത്രക്കാർ ഭീതിയിലാണ്. കാൽനട യാത്രക്കാർ ഇപ്പോൾ ഇതുവഴി പോകാറില്ല. പകൽനേരത്തുപോലും ഇതുവഴി പോകാൻ മിക്കവരും ഭയക്കുന്നു. മലയിൽപ്പാറയിൽ മൃഗചികിത്സയ്ക്കുള്ള ഐ.സി.ഡി.പി സബ് സെന്ററും ഹരിതകർമ്മ സേനയുടെ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ അനാഥാലയത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇതെല്ലാമുള്ളപ്പോഴും റോഡിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാവുകയാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താമോ
മണ്ഡലക്കാലം തുടങ്ങിയതോടെ ഇനി രാവിലെയും വൈകിട്ടുമൊക്കെ ഭക്തജനങ്ങൾക്ക് വല്ലം ക്ഷേത്രത്തിലേക്കും പണയിൽ ക്ഷേത്രത്തിലേക്കുമൊക്കെ പോകേണ്ടത് ഇതുവഴിയാണ്. റോഡ് നിറയെ കാടുമൂടുമ്പോൾ എങ്ങിനെ കടന്നുപോകുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരമില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും റോഡിലെ കുറ്റിക്കാട് നീക്കണമെന്നാണ് പൊതു ആവശ്യം.