അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിലെ കരിമ്പിൻകോണം നെട്ടയം റോഡിൽ സ്ഥിരമായി മാലിന്യം തള്ളുന്നത് തടയാനും നിരീക്ഷിക്കാനുമായി സി.സി.ടി.വി സ്ഥാപിച്ചു. ഉദ്ഘാടനം കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി.രവി നിർവഹിച്ചു. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ ഏരൂർ പഞ്ചായത്ത് നടത്തിവരുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.കെ.ഷാജി, വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.അജിത്, ഷൈൻ ബാബു, വി.രാജി , അഞ്ചൽ സി.ഐ ഗോപകുമാർ, ഏരൂർ എസ്.ഐ ശരൽലാൽ, ബ്ലോക്ക്പഞ്ചായത്ത് മെമ്പർമാരായ ഓമന മുരളി, ശോഭ, സന്ധ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോൺ വി. രാജ്, പി.എസ്.സുമൻ, അഖിൽ, നസീർ, മഞ്ജുലേഖ, അജിമോൾ തുടങ്ങിയവർ പങ്കെടുത്തു. കരിമ്പിൻ കോണം നെട്ടയം റോഡിൽ സി.സി.ടി.വി സ്ഥാപിക്കുവാൻ ഈ വർഷം 3 ലക്ഷം രൂപ അനുവദിച്ചു. ഇരുപത് കാമറകളാണ് സ്ഥാപിച്ചത്. ഓൺലൈനായി പഞ്ചായത്ത് ഭാരവാഹികൾക്കും പൊലീസിനും നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.