കൊല്ലം: ലഹരിവിരുദ്ധ ബോധവത്ക്കരണം ലക്ഷ്യമിട്ട് ഭൂതക്കുളം സർക്കാർ എച്ച്.എസ്.എസ് തയാറാക്കിയ 'കരുതൽ' ഹ്രസ്വചിത്രം ജി.എസ്.ജയലാൽ എം.എൽ.എ പ്രകാശനം ചെയ്തു. ആറ് മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ ഭൂതക്കുളം എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഹരിദേവും ആദിത്യനുമാണ് പ്രധാന വേഷങ്ങളിലുള്ളത്. അദ്ധ്യാപകനായ അനിൽ ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ എ.ആർ.യദുനന്ദനാണ് കാമറ പ്രവർത്തിപ്പിച്ചത്. അദ്ധ്യാപകനായ വി.കെ.മനുവാണ് ചിത്രസംയോജനം നടത്തിയത്. ആർ.ആർ.രജിത, ധന്യ ആർ.നായർ, എൻ.നിഹാസ് തുടങ്ങിയ അദ്ധ്യാപകരും ചിത്രത്തിൽ വേഷമിട്ടു. പി.ടി.എ പ്രസിഡന്റ് ആർ.ബൈജു, പ്രധാന അദ്ധ്യാപിക കെ.ജെ.സുജാദേവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.