കൊട്ടാരക്കര: ഇഞ്ചക്കാട് എൽ.പി സ്കൂൾ- ഗുരുമന്ദിരം റോഡ് തകർന്നു തരിപ്പണമായി. റോഡിന്റെ ശോച്യാവസ്ഥ കാൽനടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. എം.സി റോഡിൽ ഇഞ്ചക്കാട് ജംഗ്ഷനിൽ നിന്ന് എൽ.പി സ്കൂൾ,അങ്കണവാടി ,ഗുരുമന്ദിരം വഴി പെരുങ്കുളം കിഴക്ക് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വാളക്കോട് മുക്ക് വഴി ശിൽപ്പ ജംഗ്ഷനിൽ എത്തിച്ചേരുന്ന റോഡാണ് മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി കിടക്കുന്നത്.
മെറ്റലും ടാറും ഇളകി
മൈലം ഗ്രാമ പഞ്ചായത്തിലെ ഇഞ്ചക്കാട്, ഇഞ്ചക്കാട് തെക്ക്, പള്ളിക്കൽ വടക്ക് എന്നീ വാർഡികളിലൂടെ (17,18,19 വാർഡുകൾ) കടന്നു പോകുന്ന ഭാഗമാണ് മെറ്റലും ടാറും ഇളകി കുഴികൾ രൂപപ്പെട്ടു കിടക്കുന്നത്. റോഡ് നവീകരിക്കാൻ തുക അനുവദിച്ചെങ്കിലും വാർഡ് മെമ്പർമാർ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് റോഡു പണി അനിശ്ചിതത്വത്തിലാകാൻ കാരണം.
നടപടി വേണം
റോഡിൽ പല ഭാഗത്തും രൂപപ്പെട്ട കുഴികളിൽ മഴവെള്ളം കെട്ടിനിന്ന് അപകട ഭീഷണി ഉയർത്തുന്നു. കുഴിയിൽ ഇരു ചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്. പെരുങ്കുളം ശിൽപ്പജംഗ്ഷൻ റോഡിന്റെ മദ്ധ്യഭാഗത്താണ് റോഡ് പണി മുടങ്ങി കിടക്കുന്നത്. വാഹന ഗതാഗതം ഇവിടെ ഭാഗീകമായി നിലച്ച അവസ്ഥയിലാണ്. എം.സി റോഡിൽ നിന്ന് കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ, കോട്ടാത്തല, പുത്തൂർ ഭാഗങ്ങളിലെത്താനുള്ള എളുപ്പമാർഗമാണ് ഈ വിധം ഗതാഗത യോഗ്യമല്ലാതായത്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.