കൊല്ലം: ഉദ്ഘാടനത്തിന് പിന്നാലെ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് തർക്കവും വിവാദവും. പൊലീസ് ഉദ്യോഗസ്ഥർ രണ്ട് തട്ടിൽ. 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം നാടിന് സമർപ്പിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് ഓഫീസുകളുടെ പ്രവർത്തനം തുടങ്ങിയത്. റൂറൽ എസ്.പി കെ.ബി.രവി കൊട്ടാരക്കര ഗണപതി ക്ഷേത്ര ദർശനത്തിന് ശേഷം പുതിയ ആസ്ഥാന മന്ദിരത്തിൽ ഇരിപ്പുറപ്പിക്കാനെത്തിയപ്പോൾ വരവേറ്റത് മിനിസ്റ്റീരിയൽ വിഭാഗത്തിന്റെ പ്രതിഷേധമായിരുന്നു. ആസ്ഥാനത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം വരെ നടത്തി. തുടർന്ന് നടത്തിയ ചർച്ചയിലാണ് മിനിസ്റ്റീരിയൽ വിഭാഗത്തിന് കൂടുതൽ സൗകര്യങ്ങൾ നൽകാൻ എസ്.പി അനുവാദം നൽകിയത്. ആറേമുക്കാൽകോടി രൂപ മുടക്കി നിർമ്മിച്ച 14,466 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ മൂന്നാം നിലയിലാണ് മിനിസ്റ്റീരിയൽ വിഭാഗത്തിന് ക്രമീകരിച്ചിരുന്നത്. അത് പോരെന്നും രണ്ടാം നിലയിൽക്കൂടി തങ്ങൾക്ക് കൂടുതൽ സ്ഥലം വേണമെന്നുമായിരുന്നു ആവശ്യം. അതിന് റൂറൽ എസ്.പി വഴങ്ങിയതോടെ ഡാൻസാഫ് ടീമടക്കം മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് ഇരിപ്പിടമില്ലാതെയായി.

നർക്കോട്ടിക് സെല്ലിനെ ഒതുക്കി

കൊട്ടാരക്കരയിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ തസ്തിക അനുവദിച്ചിട്ടുണ്ട്. ഉടനെ അതിലേക്കുള്ള നിയമനം നടത്തും. ഡി.സി.ആർ.ബി ഡിവൈ.എസ്.പിയുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നില്ല. അതുകൊണ്ടുതന്നെ ഈ ഓഫീസിന് മാറ്റിയിട്ടിരുന്ന മുറി നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയ്ക്കായി ഡിഐ.ജിയുടെ നിർദ്ദേശപ്രകാരം ഒഴിച്ചിട്ടിരുന്നു. ഈ ഓഫീസ് മുറിയടക്കം മിനിസ്റ്റീരിയൽ വിഭാഗത്തിന് നൽകി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കായി ഈ ഓഫീസ് മുറി നൽകിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കുടുസുമുറിയാണ് ഇപ്പോൾ നർക്കോട്ടിക് സെല്ലിനായി മാറ്റിവച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിൽ തട്ടിക്കൂട്ട് സംവിധാനത്തിൽ ജോലി ചെയ്തിരുന്ന 38 മിനിസ്റ്റീരിയൽ വിഭാഗം ഉദ്യോഗസ്ഥർക്കായി എസ്.പി ഓഫീസ് കെട്ടിടത്തിന്റെ നല്ലൊരു പങ്കും മാറ്റിയതാണ് ഇപ്പോൾ പൊലീസുകാർക്കിടയിൽ തർക്കത്തിന് ഇടയാക്കുന്നത്. ഒട്ടേറെ പൊലീസുകാർ ഇരിപ്പിടമില്ലാതെ വലയുകയാണ്.