കുന്നത്തൂർ: നിയമന തർക്കത്തെ തുടർന്ന് പതാരം സർവീസ് സഹകരണ ബാങ്കിലെ ഭരണ സമിതി അംഗങ്ങളായ എം.വിജയരാഘവൻ, ബി.ശിവദാസൻ, വി.സുരേന്ദ്രൻ,വി.ലൈലാബീവി എന്നിവർ രാജിവച്ചു. പതാരം സഹകരണ ബാങ്കിൽ പുതിയതായി നാല് ജീവനക്കാരെ നിയമിച്ചത് തങ്ങൾ അറിഞ്ഞിട്ടില്ലെന്നും നിയമവും ചട്ടങ്ങളും ലംഘിക്കപ്പെട്ടിട്ടും സഹകരണ വകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും രാജിവച്ച അംഗങ്ങൾ ആരോപിച്ചു. നിയമനം സുതാര്യമായും തർക്കരഹിതമായും നടത്തണമെന്ന ഡി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശം അവഗണിച്ചാണ് ഏകപക്ഷീയമായി ബാങ്ക് പ്രസിഡന്റ് നിയമനം നടത്തിയത്. വികലാംഗ സംവരണം, മുന്നാക്കത്തിലെ പിന്നാക്ക സംവരണം എന്നിവ ലംഘിക്കപ്പെട്ടു. അഭിമുഖത്തിന് ഭരണസമിതി അംഗങ്ങളെക്കൊണ്ട് മൂല്യനിർണയം നടത്തിയില്ല. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. തട്ടിക്കൂട്ട് ഏജൻസിയെ കൊണ്ടാണ് പരീക്ഷ നടത്തിയത്. നിയമനത്തിനായി സെപ്തംബർ 5 ന്കൂടിയെന്ന് പറയുന്ന കമ്മിറ്റിയുടെ നോട്ടീസ് പോലും അംഗങ്ങൾക്ക് നൽകാതെയാണ് നിയമനം നടന്നിട്ടുള്ളത്.ഒരു ഭരണ സമിതി അംഗത്തിന്റെ മകന് നിയമനം ലഭിക്കാൻ അദ്ദേഹം നേരത്തേ രാജി വച്ചിരുന്നു. 99 വർഷമായി കോൺഗ്രസിന്റെ നിയന്ത്രണത്തിലാണ് ബാങ്ക് ഭരണം. കെ.പി.സി.സി,ഡി.സി.സി, ബ്ലോക്ക്, മണ്ഡലം നേതൃത്വങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്. അതിനിടെ 9 ഭരണ സമിതി അംഗങ്ങളിൽ 5 പേരും രാജി വച്ചിരിക്കുന്നതിനാൽ ഭരണ സമിതിയുടെ ക്വാറം നഷ്ടമായി.