 
ചവറ :ദേശീയ ജലപാതയ്ക്ക് കുറുകെ ചവറ കെ.എം.എം.എൽ എം .എസ് പ്ലാന്റിന് മുമ്പിൽ വടംകെട്ടിയിരിക്കുന്നതും ജലപാതയ്ക്ക് കുറുകെ കെ.എം.എം.എല്ലിന്റെ ജങ്കാർ കിടക്കുന്നതും കുളവാഴകൾ ഒഴുകിപ്പോകുന്നതിന് തടസമാകുന്നു. ജലപാതയ്ക്ക് കുറുകെ വടം കെട്ടാൻ അനുമതി ഇല്ലാഞ്ഞിട്ടും മറ്റു ജലമാർഗ യാനങ്ങൾ കടന്നു പോകാൻ പറ്റാത്ത തരത്തിലാണ് വടം കെട്ടിയിരിക്കുന്നത്. കൊട്ടാരത്തിൽ കടവിലും കന്നിട്ട കടവിലും കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിലേക്ക് ദർശനത്തിനെത്തുന്നവരെ അക്കരെ ഇക്കരെ വള്ളങ്ങളിലും ജങ്കാറിലും കടത്തിറക്കാൻ പെടാപ്പാടുപെടുന്ന വാർത്ത കഴിഞ്ഞ ദിവസം കേരള കൗമുദി നൽകിയിരുന്നു. കുളവാഴകൾ വേലിയിറക്ക് സമയങ്ങളിലെങ്കിലും ഒഴുകിപ്പോകാൻ പറ്റാത്ത തരത്തിലാണ് വടം കെട്ടിയിരിക്കുന്നത്. അടിയന്തരമായി ബന്ധപ്പെട്ട ഉദ്യേഗസ്ഥർ ഇടപെടണണമെന്ന ആവശ്യം ശക്തമാണ്.