കൊല്ലം: ദേശീയപാത ആറുവരിയായി വികസിപ്പിക്കുമ്പോൾ രണ്ടായി മുറിക്കപ്പെടുന്ന തൃക്കടവൂർ കുരീപ്പുഴയിൽ ഒറ്റപ്പെടുമെന്ന ആശങ്കയിൽ പാണാമുക്കം, കൊച്ചാലുംമൂട് നിവാസികൾ. നീരാവിൽ ഭാഗത്ത് നിന്ന് വരുന്നവർ കീക്കോലിൽ മുക്ക് ധന്യ ജംഗ്‌ഷൻ, നദിയ ജംഗ്‌ഷൻ എന്നിവിടങ്ങളിലൂടെ ബൈപാസ് മുറിച്ചുവേണം ഈ ഭാഗത്തേക്ക് എത്തിപ്പെടാൻ. ആറുവരിയായി വികസിക്കുന്നതോടെ സർവീസ് റോഡിലൂടെ ചുറ്റിക്കറങ്ങാനായിരിക്കും നാട്ടുകാരുടെ വിധി. കാവനാട്- കുരീപ്പുഴ പാലം അവസാനിക്കുന്ന നദിയ ജംഗ്‌ഷനിലോ ടോൾ പ്ലാസയ്ക്ക് സമീപം ധന്യ ജംഗ്‌ഷനിലോ അടിപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാൽ ലക്ഷത്തിലധികം പേരുടെ വാസസ്ഥലമെന്നത് കൂടാതെ കുരീപ്പുഴ ഗവ. യു.പി. സ്കൂൾ, സേക്രഡ് ഹാർട്ട് സ്കൂൾ, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങിയവ ഈ ഭാഗത്താണുള്ളത്. ദേശീയപാത വികസനം വിദ്യാർത്ഥികളടക്കമുള്ളവരുടെ സ്വൈര്യസഞ്ചാരത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. സർവീസ് റോഡിലൂടെ ചുറ്റിക്കറങ്ങേണ്ടിവന്നാൽ ഇതുവഴി ആകെയുള്ള നാലോളം സ്വകാര്യബസുകളുടെ സർവീസ് നിലയ്ക്കുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. മത്സ്യ, കയർ, നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ് പ്രദേശവാസികളിലേറെയും.
''കുരീപ്പുഴയിലെ 25000ത്തോളം ആളുകളുടെ സഞ്ചാരവും ദൈനംദിന ജീവിതവുമാണ് പ്രതിസന്ധിയിലാകുന്നത്. അധികൃതശ്രദ്ധ അടിയന്തരമായുണ്ടായി ശാശ്വതമായ പരിഹാരം കാണണം""- രമേശൻ, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ്, കുരീപ്പുഴ.
''ദേശീയപാത വികസനത്തോടെ കുരീപ്പുഴ രണ്ടായി വിഭജിക്കപ്പെടും. വിദ്യാർത്ഥികളെയും നിർമ്മാണ, പരമ്പരാഗത മേഖലയിൽ തൊഴിൽ ചെയ്യുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കും- അഡ്വ. എസ്. അനിൽ കുമാർ, എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി
''കുരീപ്പുഴ പാണാമുക്കം, കൊച്ചാലുംമൂട് ഭാഗത്തുള്ളവർ പൂർണമായും ഒറ്റപ്പെടുമെന്ന് നിസംശയം പറയാൻ കഴിയും. മൂന്ന് വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട കുരീപ്പുഴയുടെ ഭൂമിശാസ്ത്രം അറിയാത്തവരാണ് പദ്ധതി തയാറാക്കിയത്. അടിപ്പാത അനിവാര്യമാണ്.""- ജോൺ ഫ്രാൻസിസ് (ലാലു), പത്ര ഏജന്റ്, കുരീപ്പുഴ