gandhibhavan

 എം.എ.യൂസഫലി നിർമ്മിച്ചുനൽകിയ

16 കോടിയുടെ ബഹുനില മന്ദിരം തുറന്നു

കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികളായ അമ്മമാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ.യൂസഫലി നിർമ്മിച്ചു നൽകിയ
16 കോടിയുടെ ബഹുനില മന്ദിരത്തിന്റെ ഗൃഹപ്രവേശം ലാളിത്യത്താൽ ശ്രദ്ധേയമായി.

എം.എ.യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അന്തേവാസികളായ അമ്മിണിഅമ്മ, ഹൗസത്ത് ബീവി, പൊന്നമ്മ എന്നിവർ ചേർന്നായിരുന്നു ഉദ്ഘാടനം. തുടർന്ന് വീൽച്ചെയറിലുള്ള മാലതി, ബേബി സുജാത എന്നിവരെ എം.എ.യൂസഫലിയും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും ചേർന്ന് മുറിയിലെത്തിച്ചതോടെ ഗൃഹപ്രവേശം മഹനീയമായി.

കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് വിതരണം കൂടിയായതോടെ ചടങ്ങ് മധുരതരമായി.

അടിമുടി ഹൈടെക്

2019 മേയ് 4ന് ശിലാസ്ഥാപനം നടത്തിയ കെട്ടിടം അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് പൂർത്തിയാക്കിയത്. ഒരേ സമയം 250 പേർക്ക് താമസിക്കാം. അമ്മമാർക്ക് പരസഹായമില്ലാതെ ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബിൾ സൈഡ് റെയിൽ കിടക്കകൾ, ഫർണിച്ചറുകൾ, രണ്ട് ലിഫ്ടുകൾ, ലബോറട്ടറി, ഫാർമസി, ലൈബ്രറി, വിനോദ സൗകര്യങ്ങൾ, പ്രാർത്ഥനാ മുറികൾ, ഡൈനിംഗ് ഹാൾ, കിടപ്പുരോഗികൾക്ക് പ്രത്യേക പരിചരണ സംവിധാനങ്ങൾ, ഡോക്ടർമാരുടെ പരിശോധനാ മുറികൾ, തീവ്ര പരിചരണ വിഭാഗങ്ങൾ, ആധുനിക ടോയ്‌ലെറ്റ്,​ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഓഫീസ് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. കെട്ടിടത്തിന്റെ രൂപകല്പന മുതൽ പൂർത്തിയാക്കൽ ഘട്ടംവരെയും ഡോ. എം.എ.യൂസഫലിയുടെ ശ്രദ്ധയുണ്ടായിരുന്നു. ഇടയ്ക്ക് നേരിട്ടെത്തി വിലയിരുത്തൽ നടത്തി പോരായ്മകൾ പരിഹരിക്കുകയും ചെയ്തു. ഇനിമുതൽ മാസം ഒരു ലക്ഷം രൂപ കെട്ടിടത്തിന്റെ മെയിന്റനൻസ്, വൈദ്യുതി ചാർജ് ഇനത്തിൽ ഗാന്ധിഭവന് നൽകാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

അമ്മയോട് സ്നേഹമില്ലാത്തവർ

മനുഷ്യരല്ല: എം.എ.യൂസഫലി

ഹൃദയം തുറന്നു ചെയ്യുന്ന കർമ്മത്തിലൂടെ താൻ പൂർണ തൃപ്തനാണെന്ന് ഡോ. എം.എ.യൂസഫലി പറഞ്ഞു. മനുഷ്യരിൽ നിന്ന് ഒരു നന്ദിയും പ്രതീക്ഷിക്കുന്നില്ല, ദൈവത്തിന്റെ കരുണയിലാണ് പ്രതീക്ഷ. മുലപ്പാൽ തരുന്നവരാണ് അമ്മമാർ. മക്കൾ വളർന്ന് വലുതായി അതിന്റെ പ്രതിഫലം തരുമെന്ന് ഒരമ്മയും ചിന്തിക്കുന്നില്ല. അമ്മയോട് സ്നേഹമില്ലാത്തവരൊന്നും മനുഷ്യരല്ല. ഗാന്ധിഭവനിലെ അമ്മമാർക്കാണ് ഇപ്പോൾ കെട്ടിടം നിർമ്മിച്ചത്. ഇതേ സൗകര്യങ്ങളോടെ അച്ഛന്മാർക്കായും ഉടൻ കെട്ടിടം നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.