ezhukon-
കല്ലുംപുറത്തെ അപകടകരമായ വളവ്.

എഴുകോൺ : ദേശീയ പാതയിൽ ചീരങ്കാവിനും അമ്പലത്തും കാലയ്ക്കും ഇടയിലെ അപകട തുരുത്തുകൾ വീണ്ടും ചർച്ചയാകുന്നു. നിരവധി പേരുടെ ജീവൻ കവർന്ന എഴുകോൺ കല്ലുംപുറം വളവിൽ ബൈക്ക് യാത്രികനായ ഇടവട്ടം സ്വദേശി സജീവ് കുമാർ കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചതോടെയാണിത്. കൊല്ലം ഉളിയക്കോവിൽ നിത്യപ്രഭാ നഗർ 59-ൽ കണ്ടോലിൽ കിഴക്കതിൽ വീട്ടിൽ ഹരിപ്രസാദ് (23) മുക്കൂട് നടയിൽ കിഴക്കതിൽ വീട്ടിൽ രാജു ആചാരി (52) എന്നിവർക്ക് ഈ അപകടത്തിൽ ഗുരുതര പരിക്കുകളേറ്റിരുന്നു. ഒത്ത വളവിൽ ലോറിയെ മറികടക്കാൻ ശ്രമിച്ചതാണ് അപകടകാരണമായത്.

കുരുതിക്കളം

എഴുകോൺ ജംഗ്ഷനിലൂടെ ചീരങ്കാവിലേക്കും എതിർ ദിശയിൽ അമ്പലത്തും കാലയിലേക്കും കടന്നു പോകുന്ന ഭാഗം ദേശീയ പാതയിലെ കുരുതിക്കളമാണ്. ചെറിയ ഒരശ്രദ്ധ പോലും വലിയ അപകടത്തിന് വഴി വയ്ക്കുന്ന വിധമാണ് ഈ മേഖലയിൽ റോഡിന്റെ സ്ഥിതി. അപകടം പതിയിരിക്കുന്ന വളവുകളും ചെങ്കുത്തായ ചരിവുകളും പ്രധാന ജംഗ്ഷനെ രണ്ടായി വിഭജിക്കുന്ന നിർമ്മാണ ഘടനയുമാണ് യാത്രക്കാർക്ക് കെണിയൊരുക്കുന്നത്.

അപകടങ്ങൾ തുടർക്കഥ

നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ എണ്ണിയാലൊടുങ്ങാത്ത അപകടങ്ങളാണ് ഈ മേഖലയിൽ നടന്നിട്ടുള്ളത്. മുഖത്തല നെല്ലിക്കുന്നത്ത് വടക്കതിൽ ബിനുകുമാറിന്റെയും മകൻ എട്ടു വയസുകാരൻ കാശിനാഥന്റെയും ജീവനപഹരിച്ച അപകടത്തെ ഇന്നും ഞെട്ടലോടെയാണ് കല്ലുംപുറത്തുകാർ ഓർക്കുന്നത്. തെങ്കാശിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.ബസാണ് അന്ന് വില്ലനായത്. ഇതേ സ്ഥലത്ത് ബസിടിച്ചാണ് മുൻ എം.എൽ.എ എഴുകോൺ നാരായണന്റെ ഡ്രൈവറായിരുന്ന കോട്ടാത്തല സ്വദേശി ബാബു മരിച്ചത്. എഴുകോണിലെ ഓട്ടോ റിക്ഷാ തൊഴിലാളിയായിരുന്ന കിഴക്കേ മാറനാട് സ്വദേശി പ്രസന്നൻ, പുത്തൂർ എസ്.എൻ.പുരം സ്വദേശി മാത്തുക്കുട്ടി, ഒപ്പമുണ്ടായിരുന്ന പെരുമ്പുഴ സ്വദേശി എന്നിവർക്ക് ജീവൻ നഷ്ടമായത് തൊട്ടടുത്തുള്ള പെട്രോൾ പമ്പിന് മുന്നിലെ അപകടത്തിലാണ്.

ഹൈസ്കൂൾ ഭാഗവും അപകട കേന്ദ്രമാണ്. ആറുമുറിക്കട പുലിപ്ര വിള പുത്തൻ വീട്ടിൽ അമൽ അരവിന്ദ്, പാട്ടമുക്ക് നടുക്കുന്നിൽ വീട്ടിൽ വിനോദ്കുമാർ, എഴുകോൺ വെട്ടിലിക്കോണം സാബു ഭവനിൽ അനുരാജ് തുടങ്ങിയവർ ഇവിടെ മരിച്ചവരിൽ ചിലരാണ്. എഴുകോൺ പോസ്റ്റോഫീസ് ഭാഗമാണ് മറ്റൊരു മരണക്കളം. പൊലീസ് കോൺസ്റ്റബിളായിരുന്ന സോളമൻ, അമ്പലത്തും കാല സ്വദേശി കോശി, പത്തനംതിട്ട സ്വദേശിയായ മൂക യുവാവ്, ബിവറേജസിൽ സെക്യൂരിറ്റിയായിരുന്ന കുടവട്ടൂർ സ്വദേശി, അമ്പലത്തുംകാല അനുഗ്രഹയിൽ ഷീജ എന്നിവർ ഇവിടെ ജീവൻ പൊലിഞ്ഞവരാണ്. 29 വർഷങ്ങൾക്ക് മുൻപ് കുന്നിക്കോട്ട് നിന്ന് വിവാഹ പാർട്ടിയുമായി പോയ മിനി ബസ് അപകടത്തിൽ പെട്ട് ഏഴു പേർ മരിക്കുന്നതിനും ഏതാനും വർഷങ്ങൾക്ക് മുൻപ്
അമ്പലത്തും കാലയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് ജീവൻ നഷ്ടപ്പെടുന്ന കാഴ്ചയ്ക്കും ഈ ദേശീയ പാത സാക്ഷിയായി.

മുന്നറിയിപ്പ് ഇല്ല

അപകട സൂചകങ്ങളും സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം അധികൃതർ പരിഗണിച്ചിട്ടില്ല. കല്ലുംപുറത്ത് അപകടങ്ങൾ പതിവായപ്പോൾ ട്രാഫിക് കോണുകൾ വെച്ച് വേഗത നിയന്ത്രിച്ചിരുന്നു. സാമൂഹിക വിരുദ്ധർ അതെടുത്തു കൊണ്ടു പോയതോടെയാണ് ആ സംവിധാനം ഇല്ലാതായത്.

കല്ലുംപുറം ബസ് സ്റ്റോപ്പിനും റെയിൽവേ സ്റ്റേഷനും മദ്ധ്യേ ഓവർ ടേക്കിംഗ് കർശനമായി ഒഴിവാക്കണം.

എഴുകോണിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ .