തഴവ: എല്ലാത്തരം സംസ്കാരങ്ങൾക്കും ഇടം നൽകുന്ന സാമൂഹ്യ അവസ്ഥയാണ് കേരളത്തിന്റേതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വൃശ്ചികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകചരിത്രം വിജയികളുടേതാണ്. എന്നാൽ പരാജിതർക്ക് അർഹമായ പരിഗണന നൽകുന്നതാണ് കേരളീയ ചരിത്രം. ഇത് ശ്രേഷ്ഠമായ സാമൂഹ്യ അവസ്ഥയുടെ പ്രതിഫലനമാണെന്നും മന്ത്രി പറഞ്ഞു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. എം.ജി.ശശിഭൂഷൺ, ഭരണ സമിതി സെക്രട്ടറി അഡ്വ.ഗോപിനാഥൻ, പ്രസിഡന്റ് വയനകം സത്യൻ, വൈസ് പ്രസിഡന്റ് പാറയിൽ രാധാകൃഷ്ണൻ, ട്രഷറർ പ്രകാശൻ വലിയഴീക്കൽ, രക്ഷാധികാരി അഡ്വ. എം.സി.അനിൽകുമാർ എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.
രാജിവയ്ക്കേണ്ട സാഹചര്യമെന്ന് സെക്രട്ടറി
ഓച്ചിറ ക്ഷേത്ര ഭരണസമിതിയിൽ നിന്ന് ആത്മാഭിമാനം മുൻനിറുത്തി രാജിവയ്ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് സ്വാഗത പ്രസംഗത്തിൽ ഭരണസമിതി സെക്രട്ടറി അഡ്വ. ഗോപിനാഥൻ വികാരഭരിതനായി പറഞ്ഞു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റർ, അഡ്വേക്കേറ്റ് കമ്മിഷണർ എന്നിവർ ക്ഷേത്രത്തിലെ ജനാധിപത്യ ഭരണ സംവിധാനത്തേ അട്ടിമറിക്കാൻ ശ്രമിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഭക്തജനങ്ങളോടുള്ള ധാർമ്മിക ഉത്തരവാദിത്വത്തിന്റെ പേരിലാണ് സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത്. ക്ഷേത്ര വികസനങ്ങൾക്ക് സാഹചര്യം നിഷേധിക്കുന്ന നിലപാടാണ് ഇവരുടേതെന്നും സെക്രട്ടറി പറഞ്ഞു.