അഞ്ചൽ: ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുകയാണ് അഞ്ചൽ ടൗൺ. നിരവധി സർക്കാർ ഓഫീസുകളും സ്കൂളുകളും കോളേജും ആശുപത്രികളുമൊക്കെയുള്ള തിരക്കേറെയുള്ള ടൗണിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. മാത്രമല്ല തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള അയ്യപ്പ ഭക്തർക്ക് ശബരിമലയ്ക്ക് കടന്നുപോകുന്നതും ഇതുവഴിയാണ്. എന്നാൽ ഗതാഗതകുരുക്കിൽ പെട്ട് യാത്രക്കാർ വലയുന്ന കാഴ്ച്ച ഇവിടെ പതിവാകുകയാണ്.
പൊലീസ് ഇടപെടുന്നില്ല
അഞ്ചലിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനായി മുൻപ് പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് പല തീരുമാനങ്ങളും എടുത്തിരുന്നു. എന്നാൽ ഒന്നും ഫലപ്രദമായി നടപ്പിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുറെ കാലമായി ഗതാഗത പ്രശ്നത്തിന് പൊലീസും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചിട്ട് വർഷങ്ങൾ
ടൗണിലെ സിഗ്നൽ ലൈറ്റുകൾ വർഷങ്ങളായി പ്രവർത്തിക്കാത്തതും കുരുക്ക് വർദ്ധിക്കാൻ കാരണമാണ്. സിഗ്നൽ ലൈറ്റ് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അഞ്ചൽ ഗ്രാമപഞ്ചായത്തിനും പുറംതിരിഞ്ഞ സമീപനമാണ്. ടൗണിലെ നടപ്പാതകളിൽ പോലും വാഹനങ്ങൾ പാർക്കുചെയ്യുകയാണ്. കാൽനടയാത്രക്കാർക്ക് തിരക്കുള്ള റോഡിൽ ഇറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ്. അഞ്ചൽ-ആയൂർ റോഡിന്റെ പുനഃരുദ്ധാരണം രണ്ട് വർഷമായി ഇഴഞ്ഞ് നീങ്ങുന്നതും ഗതാഗതകുരുക്ക് വർദ്ധിക്കാൻ കാരണമാണ്.
അഞ്ചൽ ടൗണിൽ ഗതാഗത പരിഷ്കാരം ഉടൻ നടപ്പിലാക്കാൻ അധികൃതർ തയ്യാറാകണം. മുൻ കാലങ്ങളിലെ തീരുമാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പൊലീസും പഞ്ചായത്തും മുൻകയ്യെടുത്ത് ഗതാഗത പ്രശ്നത്തിന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം. വ്യാപാരി വ്യവസായികൾ ടൗണിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണം ഈ കാര്യത്തിൽ തേടണം.
(ലിജു ആലുവിള, താലൂക്ക് പ്രസിഡന്റ്, വിശ്വകർമ്മാ സർവീസ് സൊസൈറ്റി)
അഞ്ചൽ ബൈപാസ് നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കിയാൽ ടൗണിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. ലക്ഷങ്ങൾ ചെലവഴിച്ച് അഞ്ചൽ ടൗണിൽ സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകൾ പ്രവർത്തന രഹിതമായിട്ട് വർഷങ്ങളായി. ഇത് പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാകണം. ടൗണിലെ ഗതാഗത പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള തീരുമാനങ്ങൾ നടപ്പിലാക്കണം.
അഡ്വ. വി. ശ്രീനിവാസൻ, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം പാലമുക്ക് ശാഖ