കരുനാഗപ്പള്ളി: ഫുട്ബാൾ ലോകകപ്പിന് അരങ്ങുണരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മിനി ഖത്തറായി ചെറിയഴീക്കൽ ഗ്രാമം. ഫുട്ബാൾ പ്രേമികൾ ഒത്തുചേർന്നപ്പോൾ ചെറിയഴീക്കൽ ഫുട്ബാൾ അസോസിയേഷനുമായി. സി.എഫ്.എ ഗ്രൗണ്ട് ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ വർണ പതാകകൾ ഉയർത്തിയാണ് സംഘടന ലോകകപ്പിനെ വരവേൽക്കുന്നത്. കൂടാതെ ചെറിയഴീക്കൽ ക്ഷേത്ര മൈതാനിയിൽ നാട്ടിലെ വിവിധ ഫാൻസ് അസോസിയേഷനുകൾ ഫ്ലക്സും തോരണങ്ങളും കട്ടൗട്ടുകളും കൊണ്ട് അലങ്കരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ഏറ്റവും വലിയ സ്‌ക്രീനിൽ തത്സമയം
ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുവാൻ കരുനാഗപ്പള്ളിയിലെ തന്നെ ഏറ്റവും വലിയ സ്‌ക്രീനാണ് ചെറിയഴീക്കൽ ശങ്കരനാരായണ ഓഡിറ്റോറിയത്തിൽ ഒരുക്കിയിരിക്കുന്നത്. അരയവംശപരിപാലനയോഗവും വിഞ്ജാനസന്തായനി വായനശാലയും ചെറിയഴീക്കൽ ഫുട്ബാൾ അസോസിയേഷനും കായികപ്രേമികളുമാണ് ബിഗ് സ്ക്രീൻ ഒരുക്കുന്നത്. ഉത്സവങ്ങളുടെ ഈറ്റില്ലമായ ചെറിയഴീക്കൽ ലോകത്തിന്റെ കാല്പന്തുത്സവം ആഘോഷിക്കാൻ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.