കൊല്ലം: 26ന് നടത്തുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്‌ട്രേഷൻ തുടങ്ങി. 23ന് വൈകിട്ട് മൂന്ന് വരെയാണ് രജിസ്‌ട്രേഷൻ. ബോട്ടുജെട്ടിക്കു സമീപമുള്ള ജലോത്സവ രജിസ്‌ട്രേഷൻ കമ്മിറ്റി ഓഫീസിൽ നിന്ന് രജിസ്‌ട്രേഷൻ തുക ചെയർമാൻ ടി.സി.വിജയൻ ഏറ്റുവാങ്ങി. ഡി.റ്റി.പി.സി സെക്രട്ടറി രമ്യ.ആർ.കുമാർ, കൺവീനർ എസ്.എ.ഗിരിലാൽ, ജോയിന്റ് കൺവീനർ എൻ.ചന്ദ്രബാബു, ടി.കെ.സുൽഫി, കുരീപ്പുഴ മോഹനൻ, വിമൽ ബാബു തുടങ്ങിയ രജിസ്‌ട്രേഷൻ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
ഒരുക്കങ്ങൾ വിലയിരുത്തി
എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്ന് സി.ബി.എൽ ഫൈനൽ, പ്രസിഡൻസ് ട്രോഫി ജലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. വെപ്പ് എ, വെപ്പ് ബി, ഇരുട്ടുകുത്തി എ, ഇരുട്ടുകുത്തി ബി, തെക്കനോടി വനിതാ വിഭാഗങ്ങളിലെ വള്ളങ്ങളെയാണ് മത്സരിപ്പിക്കുന്നത്. ഓരോ വിഭാഗത്തിൽ നിന്നും രജിസ്‌ട്രേഷൻ മുൻഗണനാ ക്രമത്തിൽ മൂന്ന് വളളങ്ങൾക്ക് പങ്കെടുക്കാം. വള്ളങ്ങളുടെ രജിസ്‌ട്രേഷനായി 200 രൂപയുടെ മുദ്രപത്രം, തിരിച്ചറിയൽ രേഖ, ക്യാപ്റ്റന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ നൽകണം. രജിസ്‌ട്രേഷന് കൊല്ലം ഡി.റ്റി.പി.സി ഓഫീസിന് സമീപമുള്ള ഡി.റ്റി.പി.സി ഇൻഫർമേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന രജിസ്‌ട്രേഷൻ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം.
വനിതകൾ നയിക്കുന്ന മൂന്ന് ചെറുവള്ളങ്ങൾ ഉൾപ്പെടെ 15 വള്ളങ്ങളുടെ മത്സരങ്ങളാണ് നടക്കുക.ടൂറിസം വകുപ്പിൽ നിന്നും 25 ലക്ഷം രൂപ വള്ളംകളിക്കായി അനുവദിച്ചിട്ടുണ്ട്. 22 മുതൽ 25 വരെ ജലോത്സവത്തിന്റെ പ്രചരണാർത്ഥം ജില്ലയിൽ വിവിധ കലാകായിക മത്സരങ്ങൾ നടത്തും. സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, എ.ഡി.എം.ആർ ബീനാറാണി, ഡി.ടി.പി.സി സെക്രട്ടറി രമ്യ.ആർ കുമാർ തുടങ്ങിയവർ പങ്കെടുക്കും.