കൊല്ലം: ഫിഫ ലോകകപ്പിന്റെ ഭാഗമായി കോർപ്പറേഷന്റെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും നേതൃത്വത്തിൽ ഡിസംബർ 3 മുതൽ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ 'ഖൽബിൽ ഖത്തർ ബിഗ് സ്ക്രീൻ ഫെസ്റ്റ്" നടത്തും. ലോകകപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രീ ക്വാർട്ടർ മുതലുള്ള മത്സരങ്ങൾ 500 സ്‌ക്വയർ ഫീറ്റ് സ്ക്രീനിൽ പി 2 പി 10 റെസലൂഷൻ ക്രിസ്റ്റൽ ക്ലിയർ 4കെ സൗണ്ട് സിസ്റ്റത്തോടെ പ്രദർശിപ്പിക്കും. സംസ്ഥാനത്ത് ആദ്യമായാണ് 500 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ ബിഗ് സ്‌ക്രീൻ പ്രദർശനം നടത്തുന്നത്. പ്രദർശനത്തോടനുബന്ധിച്ച് ഡി.ജെ, ഫുഡ് കോർട്ട്, സ്‌പോർട്സ് ക്വിസ് മത്സരം, ഗ്യാലപ്പ്പോൾ, ദൈനംദിന മത്സര പ്രവചന മത്സരം, മെഗാ പ്രവചന മത്സരം തുടങ്ങിയവയും നടത്തും.ഡിസംബർ 10 വരെയാണ് ബിഗ് സ്ക്രീൻ ഫെസ്റ്റ്.
ലോകകപ്പ് മത്സരത്തിന്റെ ഉദ്ഘാടന ദിനമായ 26ന് വൈകിട്ട് 4ന് ഖൽബിൽ ഖത്തർ വിളംബര ജാഥ നടത്തും. ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പാതകയേന്തി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ ജാഥയിൽ പങ്കെടുക്കും. പതാക ആലേഖനം ചെയ്ത വാഹനങ്ങളും ജില്ലയിലെ കായിക അസോസിയേഷൻ ഭാരവാഹികളും കായിക താരങ്ങളും വിവിധ ക്ലബുകളുടെ അംഗങ്ങളും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, മുൻസിപ്പൽ കോർപ്പറേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയർ പങ്കെടുക്കും. കെ.എസ്.ആർ.ടി.സി ബോട്ട് ജെട്ടി പരിസരത്ത് നിന്നും ആരംഭിക്കുന്ന വിളംബര ജാഥ മെയിൻ റോഡ് വഴി ഹോസ്പിറ്റൽ ജംഗ്ഷൻ ചുറ്റി റസ്റ്റ് ഹൗസിന് മുന്നിൽ സമാപിക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് അറിയിച്ചു.