
ചവറ : പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിനോട് അനുബന്ധിച്ച് കൊട്ടാരത്തിൻ കടവിവും അക്കരെ പൊന്മന കരവും ദീപാലങ്കാരങ്ങൾ അലംകൃതമായി.
തോറ്റംപാട്ടിന്റെ അലയൊലിയിൽ ശബ്ദ മുഖരിതമായതോടെ കുടിലുകളിൽ ഭജനം പാർക്കുന്ന ഭക്തർ നിലവിളക്ക് തെളിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും അയൽക്കാരെയും 12 നാളുകൾ പാർക്കുന്ന കുടിലിലേക്ക് ഭജനംപാർക്കുന്ന ഭക്തർ ക്ഷണിക്കാറുണ്ട്.അങ്ങനെ ഇവിടെ എത്തുന്ന നാനാ ജാതിമതസ്ഥർ മണൽ പരപ്പിൽ വിശ്രമിക്കുന്നു.
എല്ലാദിവസവും വൈകുന്നേരങ്ങളിൽ മുഴുവൻ കുടിലുകളിലും കാർഷിക വിഭവങ്ങളായ ചീനി, ചേന , കാച്ചിൽ തുടങ്ങിയവ പാചകം ചെയ്യുന്ന തിരക്കിലാണ് ഭക്തർ. ഇവ പുഴുങ്ങിയതും ചമ്മന്തിയും കുടിലുകളിൽ എത്തുന്നവർക്ക് നൽകും. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും 12 നാളുകൾ ഇങ്ങനെ ഭക്തർ അവിടെ ചെലവിടുന്നു.
പൊൻമന കരയിലെത്തുന്ന ഭക്തർ ദേവീ ദർശനത്തിനുശേഷം സമീപത്തെ കടൽകണ്ട് അസ്വദിക്കും. ഇതിന്റെ ഭാഗമായി പൊലീസിന്റെയും മറ്റുപ്രത്യേക ഗാഡുകളുടെയും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ്, ആരോഗ്യവകുപ്പ്. അഗനിരക്ഷാസേന, ആമ്പുലൻസ് സൗകര്യം ശുദ്ധജലം എന്നിവയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര സംവിധാനങ്ങൾ ഒക്കെ ക്ഷേത്രഭരണ സമിതി ഒരുക്കിയിട്ടുണ്ട്.