പുനലൂർ: ആര്യങ്കാവ് കടമാൻപാറയിൽ കൃഷി ഭൂമിയിൽ നിന്ന് മടങ്ങുകയായിരുന്ന യുവാവിനെ വനപാലകർ കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. ആര്യങ്കാവ് പുതുശേരിയിൽ വീട്ടിൽ സന്ദീപ് മാത്യുവിനാണ് (39) മർദ്ദനത്തിൽ പരിക്കേറ്റത്. കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. മർദ്ദനമേറ്റ യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടമാൻപാറയിലെ കൃഷിയിടത്തിൽ പോയിട്ട് തിരികെ ഓട്ടോയിൽ മടങ്ങി വരുമ്പോൾ സ്റ്റേഷന് മുന്നിലെത്തിയപ്പോൾ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള പനപാലകർ വാഹനം തടഞ്ഞു നിറുത്തി. സ്റ്റേഷനിലേയ്ക്ക് പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തുടർന്നായിരുന്നു കൈയും കാലും കെട്ടിയിട്ടുള്ള മർദ്ദനം.
വനപാലകരെ അക്രമിച്ചെന്ന്
ചന്ദന പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്ന കടമാൻപാറയിൽ നിന്ന് വരുന്ന വാഹനങ്ങൾ വനപാലകർ പരിശോധിച്ച ശേഷമാണ് കടത്തിവിടാറുള്ളത്. ഇത് മനസിലാക്കാതെ വനപാലകരെ അക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു പോയത്. ഇതിനിടെ ജനൽ ചില്ലുകൾ തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിനെ തുടർന്നാണ് യുവാവിനെ സെല്ലിലാക്കിയത് എന്നാണ് വനപാലകർ നൽകുന്ന വിശദീകരണം.
കുറ്റക്കാർക്കെതിരെ നടപടി : മന്ത്രി
ആര്യങ്കാവ് പുതുശേരിയിൽ വീട്ടിൽ സന്ദീപ് മാത്യുവിനെ ആര്യങ്കാവ് റേഞ്ചിലെകടമാൻപാറ ഫോറസ്റ്റ് സ്റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ മർദ്ദിച്ച സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഡി.എഫ്.ഒ യോട് റിപ്പോർട്ട് തേടി. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.