liquor

 കുറഞ്ഞ വിലയുടെ മദ്യം എത്തിത്തുടങ്ങി

കൊല്ലം: കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വി​റ്റുവരവ് നികുതി ഒഴിവാക്കാൻ തത്വത്തിൽ തീരുമാനമായതോടെ കുറഞ്ഞ വിലയ്ക്കുള്ള വിദേശമദ്യം ഔട്ട്ലെറ്റുകളിൽ എത്തിത്തുടങ്ങി.

വിറ്റുവരവിൽ 13 ശതമാനം നികുതി ഏർപ്പെടുത്തിയതോടെ കഴിഞ്ഞ ഒന്നരമാസമായി സംസ്ഥാനത്തെ മദ്യശാലകളിൽ കുറഞ്ഞ മദ്യത്തിന്റെ ക്ഷാമം രൂക്ഷമായിരുന്നു. സ്പിരിറ്റ് വിലയിലുണ്ടായ വർദ്ധനവും കുറഞ്ഞമദ്യത്തിന്റെ വിതരണത്തിൽ നിന്ന് സംസ്ഥാനത്തെ ഡിസ്റ്റ്‌ലറികളെ പിന്നോട്ട് നയിച്ചിരുന്നു. നികുതി ഒഴിവാക്കുമ്പോൾ സംസ്ഥാനത്തിന് പ്രതിവർഷം 170 കോടിയുടെ നഷ്ടമുണ്ടാകും. ഇതുപരിഹരിക്കാൻ വില്പനനികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും. ഇത് മദ്യവില വർദ്ധനയ്ക്ക് കാരണമാകും.

അതേസമയം ഔട്ട്‌ലെറ്റുകളിലെ ക്ഷാമം മുതെലെടുത്ത് ബാറുകൾ കൊള്ള ലാഭം കൊയ്യുകയാണ്. സംസ്ഥാനത്തെ ഡിസ്റ്റ്ലറികൾ വിതരണം കുറച്ചെങ്കിലും അന്യസംസ്ഥാനത്തുള്ളവ ബാറുകൾക്ക് യഥേഷ്ടം മദ്യവിതരണം നടത്തി. ബാറുകളിൽ നിന്ന് പാഴ്‌സൽ നൽകുന്നതിന് വിലക്കുണ്ടെങ്കിലും പലയിടത്തും അത് പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപവുമുണ്ട്. ബാറുകളിലെ കുറഞ്ഞ നിരക്കിലുള്ള മദ്യത്തിന്റെ വിലയും ഔട്ട്‌ലെറ്റുകളിലെ വിലയും തമ്മിൽ വലിയ അന്തരമുണ്ടാകാതിരുന്നതും ബാറുകൾക്ക് ഗുണകരമായി. ഓരോ ഔട്ട്ലെറ്റുകളിലും പ്രതിദിനം ശരാശരി 10 മുതൽ 25 ലക്ഷം വരെയാണ് വിറ്റുവരവ്. ബാറുകളിലാകട്ടെ ഇതിന്റെ ഇരട്ടിയോളം വരും. എന്നാൽ സർക്കാർ ഔട്ട്ലെറ്റുകളിലെ മദ്യക്ഷാമം ബാറുകളുടെ വിറ്റുവരിൽ 50 ശതമാനത്തിലധികം വർദ്ധനവുണ്ടാക്കി.

വിറ്റുവരവ് നികുതിയിൽ കുടുങ്ങി മദ്യവിതരണം

 ഇന്ത്യയിൽ മദ്യത്തിന് ഏ​റ്റവും ഉയർന്ന വില കേരളത്തിൽ

 വില കൂട്ടിയാൽ വില്പന കുറയുമെന്ന് നിർമ്മാതാക്കൾക്ക് ആശങ്ക

 വില കൂട്ടാതെ, വി​റ്റുവരവ് നികുതി ഒഴിവാക്കണമെന്ന് ആവശ്യം

 ധനവകുപ്പ്, എക്‌സൈസ് റിപ്പോർട്ടുകൾ പരിഗണിച്ച് വിറ്റുവരവ് നികുതി ഒഴിവാക്കി

 ഇതോടെ കമ്പനികൾ ഔട്ട്‌ലെറ്റുകളിലേക്കുള്ള മദ്യവിതരണം പുനരാരംഭിച്ചു

 മറ്റുള്ളവ പെർമിറ്റിനായി അപേക്ഷിച്ചിട്ടുണ്ട്

 'ജവാനും' ഔട്ട്‌ലെറ്റുകളിലേക്ക് എത്തിത്തുടങ്ങി

ഔട്ട്‌ലെറ്റുകളിൽ സംഭവിച്ചത്

 മദ്യവിതരണം നടത്തുന്നത് വെയർഹൗസുകളിൽ നിന്ന്

 ഓരോ ബ്രാൻഡുകളുടെയും മൂന്നുമാസത്തെ ശരാശരി കണക്കാക്കും

 ശരാശരിയുടെ അടിസ്ഥാനത്തിൽ ഔട്ട്‌ലെറ്റുകളിലേയ്ക്കുമുള്ള വിഹിതം നിശ്ചയിക്കും

 പുതിയ ബ്രാൻഡുകൾ ഔട്ട്ലെറ്റുകളിൽ പരമാവധി 15 കേസ് മാത്രം

 ബാറുകൾക്ക് ഇത്തരം മാനദണ്ഡങ്ങളില്ല

 കുറഞ്ഞ പുതിയ ബ്രാൻഡുകൾ കൂടുതലായി വാങ്ങി ബാറുകൾ


സ്പിരിറ്റ് വില വർദ്ധന (ലിറ്ററിന്) ₹ 30

ജില്ലയിൽ

ബെവ്‌കോ ഔട്ട്‌ലെറ്റുകൾ - 30

കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ - 02

ബാറുകൾ - 56