 
കൊല്ലം: വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത് മനുഷ്യത്വമാണെന്ന് പരവൂർ നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജ പറഞ്ഞു. കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ലഹരി മുക്ത കേരളം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർപേഴ്സൺ. മികച്ച വിദ്യാഭ്യാസം നേടിയത് കൊണ്ടു മാത്രമായില്ല, നല്ല മനുഷ്യരായി സമൂഹത്തിൽ ജീവിക്കുകയാണ് പ്രധാനം. മറ്റുളളവർക്ക് താങ്ങായി, കരുതലായി ഓരോ ജീവിതവും മാറണം. അന്യരുടെ സഹായ അഭ്യർത്ഥനക്ക് മുമ്പിൽ മുഖം തിരിച്ചു പോകരുത്. അവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ കഴിയണം. ചെറുപ്രായത്തിൽ തന്നെ ലഹരിയോടു നോ എന്ന് പറയാൻ കഴിയണം. സുഹൃത്തുക്കളിൽ നിന്നും മറ്റുളളവരിൽ നിന്നും പ്രേരണ ഉണ്ടാവും. ലഹരിയുടെ ചുഴിയിൽ വീണ് പോയാൽ തിരിച്ചു വരാനാവില്ലെന്നും പഠനം ലഹരിയായി മാറണമെന്നും അവർ പറഞ്ഞു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലംയൂണിറ്റ് ചീഫുമായ എസ്.രാധാക്യഷ്ണൻ അദ്ധ്യക്ഷനായിരുന്നു. കേരളകൗമുദി പരവൂർ ലേഖകൻ ടി.പി.ചന്ദ്രശേഖരൻ നായർ സംസാരിച്ചു.
ടി. ജയകുമാർ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ
കുട്ടികൾ തിരഞ്ഞെടുക്കേണ്ടത് സ്നേഹമാകുന്ന ലഹരിയാകണമെന്ന് ക്ലാസ് നയിച്ച എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി.ജയകുമാർ പറഞ്ഞു. മാതാപിതാക്കളെയും സഹോദരങ്ങളെയും ഗുരുക്കൻമാരെയും ദേശത്തെയും സ്നേഹിക്കണം. ലോകം കണ്ട മഹാത്മാക്കളിൽ എല്ലാവരും അമ്മമാരെ ജീവനു തുല്ല്യം സ്നേഹിച്ചവരാണ്. കൗമാരകാലത്തെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. നല്ല കൂട്ടുകാർ ആരെന്ന് തിരിച്ചറിണം. തിരിച്ചറിവില്ലാത്ത കാലമാണ്. ആരു പറഞ്ഞാലും കേൾക്കാത്ത കാലം. ചിലർ കൂട്ടുകാർ പറയുന്നത് കേൾക്കും. മോശം കൂട്ടുകാരെ ഒരു കൈ ദൂരത്ത് മാറ്റി നിർത്തണം. പ്രായത്തിൽ കവിഞ്ഞുളള ആളുകളുമായി കൂട്ടുകൂടരുത്. രസത്തിന് വേണ്ടി പോലും ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്.
ലഹരി മാഫിയ്ക്കെതിരെ ശക്തമായ പ്രതിരോധനിര തീർക്കാൻ സമൂഹത്തിന് കഴിയണം. ഇതിനായി കേരളകൗമുദി നടത്തുന്ന ബോധവത്കരണം മാതൃകാപരമാണ്.
ബി. പ്രേമാനന്ദ്, എം.ടി, പ്രേം ഫാഷൻ ജ്യുവലറി
സമുഹത്തിൽ വളർന്നു വരുന്ന ലഹരി ആസക്തിയിൽ നിന്ന് പുതിയ തലമുറയെ രക്ഷിക്കാനുളള കേരളകൗമുദിയുടെ ശ്രമം ശ്ളാഹനീയമാണെന്ന് പരവൂർ പ്രേം ഫാഷൻ ജ്യുവലറി എം.ടി ബി.പ്രേമാനന്ദ് പറഞ്ഞു. ഉദാത്തമായ മാധ്യമ ധർമ്മമാണ് കേരളകൗമുദി നിർവഹിക്കുന്നത്. എം. ഡി. എം. എ പോലുളള മാരക ലഹരി വ്യാപകമായി വരികയാണ്. ആദ്യം സൗജന്യമായി നൽകി കുട്ടികളെ പ്രലോഭിപ്പിക്കും. പരിചയമില്ലാത്തവർ നൽകുന്ന മിഠായി പോലും വാങ്ങി കഴിക്കരുത്. അത് ആപത്ത് ക്ഷണിച്ചു വരുത്തും. മാതാപിതാക്കൾക്ക് നിങ്ങളെപ്പറ്റി വലിയ സ്വപ്നങ്ങളുണ്ട്. നിങ്ങൾ പഠിച്ച് നല്ല നിലയിൽ എത്തണം. ലഹരി വ്യാപനത്തിനെതിരെ ജനകീയ കൂട്ടായ്മ വളരണം.
ഡോ. കെ. ജ്യോതി, ചെയർമാൻ, എസ്. എൻ സെൻട്രൽ സ്കൂൾ
കേരളത്തിൽ അടുത്ത കാലത്ത് ഉണ്ടാവുന്ന എല്ലാ അനിഷ്ട സംഭവങ്ങൾക്കും കാരണം ലഹരി ഉപയോഗമാണ്. മനുഷ്യന് ദൈവം നൽകിയ ഏറ്റവും നല്ല കഴിവ് വിവേചന ശക്തിയാണ്. ലഹരി ഉപയോഗം മനുഷ്യന്റെ തിരിച്ചറിയാനുളള കഴിവ് നഷ്ടമാക്കും. പഠനം ലഹരിയായി മാറണം.
കെ. ഹരി, സ്കൂൾ ചെയർമാൻ
ലഹരിക്കെതിരായ പ്രവർത്തനത്തിൽ ഓരോ കുട്ടിയും അംബാസിഡർമാരാകണം. ലഹരി ഉപയോഗിക്കില്ലെന്ന് ചെറുപ്രായത്തിൽ തന്നെ പ്രതിജ്ഞയെടുക്കണം. സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായി ലഹരി ഉപയോഗം മാറി. കുട്ടികളാണ് ഇവരുടെ ഇരകൾ. ശക്തമായ ബോധവത്കരണം ആവശ്യമാണ്.