chngappara
കാൽ നടയാത്ര പോലും ദുസഹമായ ചാങ്ങാപ്പാറ റോഡ്


ചാങ്ങപ്പാറ നിവാസികൾക്ക്
ദുരിതങ്ങളേറെ...(ഗുരുദീപം )

പത്തനാപുരം : മൂന്ന് കിലോമിറ്ററോളം കാടിനുള്ളിൽ കൂടി യാത്ര ചെയ്താൽ ചാങ്ങപ്പാറ നിവാസികൾക്ക് വീടുകളിലെത്താം. വഴിയരികിൽ ആനയോ, കാട്ടുപന്നിയോ പോലുള്ള വന്യമൃങ്ങളുണ്ടാകും. ഭാഗ്യമുള്ളവർ അവറ്റകളുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെടും. തോട്ടം തൊഴിലാളികളും സ്കൂൾ, കോളേജ് കുട്ടികളും ഇതുവഴിയാണ് യാത്ര. അസുഖം വന്ന് വീട്ടിൽ കിടപ്പിലാകുന്നവർക്ക് മതിയായ ചികിത്സ ലഭിക്കാനുള്ള മാർഗവുമില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രി കേസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിളിച്ചാൽ പോലും വാഹനം കിട്ടാറില്ല. അഥവാ കിട്ടിയാൽ ആശുപത്രിയിലെത്തുമ്പോഴേക്കും രോഗി മരണപ്പെടുന്ന സ്ഥിതിയാണ്. പിറവന്തൂർ ഗ്രാമ പഞ്ചായത്തിലെ മൈക്കാമയിൻ വാർഡിലെ ചാങ്ങപ്പാറ നിവാസികൾക്ക് പറയാൻ ദുരിതങ്ങളേറെയുണ്ട്.

വന്യമൃഗങ്ങളെഭ യന്ന്

പ്രദേശത്ത് പകൽ സമയം പോലും ആന, പന്നി, കാട്ടു പോത്ത് ,കുരങ്ങ് ഉൾപ്പെടെ വന്യമ്യഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. വന്യമൃഗങ്ങൾ കാർഷിക വിളകളും നശിപ്പിക്കുന്നു. വന്യമൃഗ ശല്യത്തിൽ നിന്ന് രക്ഷപ്പെടാനായി സ്ഥാപിച്ച വൈദ്യുത വേലികളും പ്രയോജനം കാണുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു

വൈദ്യുതി മുടക്കം പതിവ്, മൊബൈൽ ടവറും ഇല്ല

മൈക്കാമയിൻ, പെരുംതോയിൽ എന്നീ രണ്ട് വാർഡുകളിലായി നിരവധി കുടുംബങ്ങളുണ്ട്. ഇവിടെ വൈദ്യുതി മുടക്കം പതിവാണ്. മൊബൈൽ ടവറും ലഭ്യമല്ല. പലരും വിവിധ പത്രങ്ങൾ വരുത്തുന്നുണ്ടെങ്കിലും നേരിട്ട് പത്രം കിട്ടാറില്ല. 3 കിലോമീറ്റർ അകലെ തലപ്പാകെട്ടിലും വെരുകുഴിയിലും എത്തണം പത്രം കിട്ടാൻ. ആദ്യമായ് 3 കിലോമീറ്റർ മലതാണ്ടി എത്തിയ പത്രം കേരള കൗമുദി ആണ്.

പ്രദേശവാസികളുടെ നിരവധി വർഷങ്ങളായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം . ഇനി ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും.

സന്തോഷ് മുള്ളുമല (എൻ.സി.പി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ,(കേരള കൗമുദി ഏജന്റ്, മുള്ളു മല)

റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറാകണം.

രതീഷ് ചാങ്ങപ്പാറ (പൊതുപ്രവർത്തകൻ).