കരുനാഗപ്പള്ളി : നിർമ്മാണത്തൊഴിലാളി ഫെഡറേഷൻ ദേശ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ. ടി. യു ) കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ കമ്മിറ്റി പ്രസിഡന്റ് എ.വിക്രമൻപിള്ള അദ്ധ്യക്ഷനായി. സി.ഐ.ടി.യു കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി എ.അനിരുദ്ധൻ, ബി.എ. ബ്രിജിത്ത്, പ്രവീൺ മനയ്ക്കൽ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയാ ആക്ടിംഗ് സെക്രട്ടറി എ.സുമേഷ് കുമാർ സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.മൈഗ്രന്റ് ലേബർ ആക്ട് 1979, ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ സെസ് ആക്ട് 1996 എന്നിവ ഉൾപ്പെടെ റദ്ദാക്കുന്ന തൊഴിൽ നിയമ ഭേദഗതി ഉപേക്ഷിക്കുക, നിർമ്മാണ തൊഴിലാളി പെൻഷൻ വിതരണം കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, നിർമ്മാണ വസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക, പാറ-ചെങ്കൽ ഖനനത്തിന് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ ധർണ നടത്തിയത്.