photo
നെടുവത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ക്രിക്കറ്റ് മത്സരം ഇ.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ ക്രിക്കറ്റ് കളിക്കാരനായപ്പോൾ

കൊട്ടാരക്കര: ബാറ്റുമായി മന്ത്രി കെ.എൻ.ബാലഗോപാൽ ക്രീസിലിറങ്ങിയപ്പോൾ ക്രിക്കറ്റ് കളിക്കാർക്കും കാഴ്ചക്കാർക്കും ആവേശം. ഫാസ്റ്റ് ബൗളറാണെന്നറിഞ്ഞപ്പോൾ ഉള്ളിലിത്തിരി ഭീതിയുണ്ടായിരുന്നുവെങ്കിലും പുറത്തുകാട്ടാതെ മന്ത്രി ബാറ്റ് വീശി. പന്ത് ദൂരേയ്ക്ക് പറന്നപ്പോൾ കണ്ടുനിന്നവരെല്ലാം കൈയടിച്ചും ആർപ്പുവിളിച്ചും ആവേശത്തിലായി. ഇന്നലെ നെടുവത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ക്രിക്കറ്റ് മത്സരം ഇ.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഉദ്ഘാടന പ്രസംഗത്തിനുള്ള ഒരുക്കങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്. എന്നാൽ മന്ത്രി ഗ്രൗണ്ടിലെ ക്രീസിലേക്ക് ബാറ്റുമായി ഇറങ്ങുകയായിരുന്നു. വിവിധ ക്ളബ്ബുകളെ പ്രതിനിധീകരിച്ചെത്തിയ നൂറുകണക്കിന് ക്രിക്കറ്റ് കളിക്കാർക്ക് അത് കൂടുതൽ ആവേശം പകർന്നു.

വടം വലി മത്സരത്തിന്റെ വിജയികൾക്ക് ട്രോഫി സമ്മാനിച്ചുകൊണ്ട് മത്സര വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻമാരായ ആർ.രാജശേഖരൻ പിള്ള, ആർ.എസ്.അജിതകുമാരി, എം.സി.രമണി, സെക്രട്ടറി എം.ജി.ബിനോയി, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ.ജ്യോതി, ജി.സന്തോഷ് കുമാർ, കുടുംബശ്രീ ചെയർപേഴ്സൺ മായാദേവി, കാഡ്കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ, സുധാകരൻ പള്ളത്ത്, കോട്ടാത്തല ശ്രീകുമാർ, പി.സുരേഷ് കുമാർ,തുളസീധരൻ പിള്ള, ഷാജി, സുജിത്ത് എന്നിവർ പങ്കെടുത്തു. വൈകിട്ട് കിള്ളൂർ ജംഗ്ഷനിൽ കബഡി മത്സരത്തോടെയാണ് കേരളോത്സവത്തിന് കൊടിയിറങ്ങിയത്.