was

കൊല്ലം: നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടില്ല. ജനവാസ കേന്ദ്രത്തിൽ തളളിയ മാലിന്യം നീക്കാതെ കോർപ്പറേഷൻ. താമരക്കുളം വാർഡിൽ പൊയ്ലക്കട ജംഗ്ഷന് സമിപം കെ.ആർ.എസ് പാഴ്സൽ സർവീസിന് എതിർ വശത്തുളള പൊതുസ്ഥലത്താണ് ഓടയിൽ നിന്ന് നീക്കിയ മാലിന്യങ്ങൾ തള്ളിയത്. രണ്ട് ലോറികളിൽ മാലിന്യം ഇറക്കിയതോടെ പ്രദേശം മുഴുവൻ ദുർഗന്ധം പരന്നു. സമീപ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നവരും രൂക്ഷമായ ദുർഗന്ധം മൂലം ബുദ്ധിമുട്ടിലായി. ഇതോടെ ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി മാലിന്യവുമായി വന്ന വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് മാലിന്യം ഇറക്കാതെ ലോറികൾ മടങ്ങിപ്പോയി. വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന ടൗൺ ഡവലെപ്മെന്റ് അതോറിട്ടിക്കു വേണ്ടി വാങ്ങിയ ഈ സ്ഥലത്ത് മാലിന്യങ്ങൾ തളളുന്നത് പതിവായിരുന്നു. ഇതിനെതിരെ നാട്ടുകാർ നിരന്തരം പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഓട ക്ളീൻ ചെയ്ത കക്കൂസ് മാലിന്യം ഉൾപ്പെടെയുളളവ കരാറുകാരൻ ഇവിടെ തളളിയത്. കോർപ്പറേഷൻ അധിക്യതരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് വിവരം അറിയിച്ചിട്ടും മാലിന്യം നീക്കം ചെയ്യാനോ മറവ് ചെയ്യാനോേ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒരു വഴിപാട് പോലെ മാലിന്യത്തിന് മുകളിൽ ബ്ളീച്ചിംഗ് പൗഡർ ഇട്ടതാണ് ആകെ ഉണ്ടായ നടപടി. മാലിന്യത്തിൽ നിന്നുളള ഗന്ധം ശ്വസിച്ച് ജീവിക്കേണ്ട സ്ഥിതിയാലാണിപ്പോൾ നാട്ടുകാർ.