കൊട്ടാരക്കര: സപ്ളൈകോ ഗോഡൗണിൽ 1200 ചാക്ക് അരിയും ഗോതമ്പും വെള്ളം കയറി നശിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ ക്രിമിനൽ കേസെടുക്കും. ഇതിനായി ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗം അഡ്വ.സബിതാ ബീഗം ജില്ലാ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി. ഇന്നലെ ഉച്ചയോടെ കൊട്ടാരക്കര തൃക്കണ്ണമംഗലിലെ ഗോഡൗൺ സന്ദർശിച്ചശേഷമായിരുന്നു നടപടി. 20 ലക്ഷം രൂപയുടെ സാധനങ്ങളാണ് നശിച്ചത്. നശിച്ച സാധനങ്ങൾ ജൈവ വളം നിർമ്മിക്കാനായി വിട്ടുനൽകും. കൃഷിയ്ക്കുവേണ്ടി മാത്രം ഉപയോഗിക്കുമെന്ന സത്യവാങ്മൂലം വാങ്ങി ലേലം ചെയ്താണ് കൈമാറുക. ഒന്നര ആഴ്ച മുൻപാണ് തൃക്കണ്ണമംഗലിലെ ഗോഡൗണിലെ അരിയും ഗോതമ്പും വെള്ളം കയറി നശിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാത്ത ഗോഡൗണിൽ സൂക്ഷിച്ചതിന്റെ പേരിലാണ് വെള്ളം കയറിയതും സാധനങ്ങൾ നശിച്ചതുമെന്ന് വ്യക്തമായിരുന്നു. എന്നാൽ ജില്ലാ സപ്ളൈ ഓഫീസർ ഭക്ഷ്യ സുരക്ഷാ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പ്രകൃതി ക്ഷോഭത്തിൻമേലുണ്ടായ നാശമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ സപ്ളൈകോ മാനേജരുടെയും ഗോഡൗണുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയും പങ്ക് ഗൗരവത്തോടെ അന്വേഷിക്കുമെന്നും നഗരസഭ അധികൃതരെ കക്ഷിചേർക്കുമെന്നും ഭക്ഷ്യ കമ്മിഷൻ പറഞ്ഞു. ഗോഡൗണിൽ നനവോടെ കൂട്ടിയിട്ട അരി-ഗോതമ്പ് ചാക്കുകളിൽ നിന്ന് പുറത്തേക്ക് വലിയ ദുർഗന്ധം വമിക്കുന്നു. സമീപ വാസികൾ തീർത്തും ബുദ്ധിമുട്ടുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടനെ ഇവിടെ നിന്ന് സാധനങ്ങൾ മാറ്റുമെന്ന് അധികൃതർ അറിയിച്ചു.