പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഇടമൺ-34 ലെ കുന്നുപുറത്ത് അപകടക്കെണി. പാതയുടെ രണ്ട് വശങ്ങളിലെയും മണ്ണ് മഴയത്ത് ഒലിച്ചുപോയി കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരു ചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായി. മഴ വെള്ളം പാതയോരത്തെ ഓടയിലൂടെ ഒഴുകി പോകാതെ റോഡിലൂടെയാണ് ഒഴുകുന്നത്. പാതയുടെ രണ്ട് വശങ്ങളിലും കുഴി രൂപപ്പെടാൻ മുഖ്യകാരണവും അതാണ്. കഴിഞ്ഞ വർഷം ഇതിന് സമീപത്തെ പാർശ്വഭിത്തിയും തകർത്തു കൊണ്ട് ചരക്ക് ലോറി വീടിന് മുകളിൽ വീണിരുന്നു. എന്നാൽ മൺ ചാക്ക് അടുക്കിയ പാതയോരം വീണ്ടും ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്.
കുഴി നികത്തണം, പാർശ്വഭിത്തി നിർമ്മിക്കണം
പാതയോരത്ത് രൂപപ്പെട്ട കുഴി നികത്താനൊ, തകർന്ന പാർശ്വഭിത്തി പുനർ നിർമ്മിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ശബരിമല സീസൺ ആരംഭിച്ചതോടെ തമിഴ്നാട്,പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയയിടങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്.പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള പാതയോരങ്ങളിലും മഴ വെള്ളം ഒഴുകിയെത്തി കുഴി രൂപപ്പെട്ടിട്ടുണ്ട്.
ശബരിമല തീർത്ഥടനം ആരംഭിച്ചിട്ടും ദേശീയ പാതയോരത്തെ കുഴികൾ നികത്താൻ അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. ചരക്ക് ലോറികൾ അടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയോരത്താണ് അപകടക്കെണിയുള്ളത്. അധികൃതർ ഇടപെട്ട് കുഴിയടച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും.സന്തോഷ് ഉറുന്ന്, എൻ.എൽ.സി, ജില്ല പ്രസിഡന്റ്