കൊല്ലം: കാർഷിക വിള മോഷണം പതിവാക്കിയ 2 പേരെ ചാത്തന്നൂർ പൊലീസ് പിടികൂടി. ആദിച്ചനല്ലൂർ പ്ലാക്കാട് കുതിരപ്പന്തിയിൽ വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന ഗോകുൽ (26), പ്ലാക്കാട് നടയിൽ പടിഞ്ഞാറ്റതിൽ ഗോപുലാൽ (30) എന്നിവരാണ് അറസ്റ്റിലായത്. ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫിസിന് സമീപമുള്ള വീട്ടിലെ പുരയിടത്തിലെ കവുങ്ങിൽ നിന്ന് നാലായിരത്തോളം അടയ്ക്ക കഴിഞ്ഞാഴ്ച മോഷണം പോയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റ് സാഹചര്യ തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുമ്പും സമാനമായ രീതിയിൽ ഈ പ്രദേശങ്ങളിൽ നിന്ന് കാർഷിക വിളകൾ മോഷണം പോയിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശാ വി.രേഖ, ഫാത്തിൽ, സുരേഷ്, എസ്.സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.