parippalli

ചാത്തന്നൂർ: അധികൃതരുടെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അന്ത്യശാസനങ്ങളുമെല്ലാം അവഗണിച്ചുകൊണ്ട് പാരിപ്പള്ളി ജംഗ്ഷനിനിലെ ചില വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് റോഡിലേയ്ക്ക് ഇറക്കിക്കെട്ടിയിട്ടുള്ള എടുപ്പുകൾ പൊളിച്ചു നീക്കാതെ തുടരുന്നു. ജംഗ്ഷനിൽ ഏറ്റവും തിരക്കേറിയ ഭാഗമായ മടത്തറ റോഡിലാണ് പബ്ലിക്ക് മാർക്കറ്റടക്കം സ്ഥിതി ചെയ്യുന്നത്. മാർക്കറ്റിനെതിർവശത്താണ് ഓട്ടോസ്റ്റാൻഡും ബസ് സ്റ്റോപ്പുമുള്ളത്. കാൽനട യാത്രികർക്ക് ഇതുവഴി കടന്നുപോകാൻ സർക്കസ് കാണിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞമാസം 27നകം ഇറക്കുകൾ പൊളിച്ചുനീക്കാൻ കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ അന്ത്യശാസനം നൽകിയിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. തുടർന്ന് പഞ്ചായത്ത് അധികൃതർ രണ്ട് കടകളുടെ ഇറക്കുകൾ പൊളിച്ചു നീക്കിയിരുന്നു. പിന്നീട് കടയുടമകളുമായി നടത്തിയ ചർച്ചയിൽ ഇറക്കുകൾ പൊളിച്ചു നീക്കാൻ 20 വരെ സമയം നീട്ടിക്കൊടുത്തു. എന്നാൽ ഇന്ന് കാലാവധി അവസാനിക്കുമ്പോഴും കടയുടമകൾ ഇറക്കുകൾ പൊളിച്ചു നീക്കാൻ കൂട്ടാക്കുന്നില്ല. പരവൂർ റോഡിലും വൻകിടസ്ഥാപനങ്ങൾ റോഡ് കയ്യേറി സ്പെഷ്യൽ ഡിസ്കൗണ്ട് മേളയും വാഹനപാർക്കിംഗുമാക്കി മാറ്രിയിരികികുകയാണ്. ഗവ.മെഡി.കോളജും ഗ്യാസ് പ്ലാന്റുമടക്കം വൻ ഗതാഗതത്തിരക്കുണ്ടാക്കുന്ന ഈ പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയുമുണ്ട്.

'നിയമം ഏല്ലാവർക്കും ബാധകമാകണം.

ചിലരുടെ സ്ഥാപനങ്ങളെ മാത്രം നിയമം നടപ്പാക്കാൻ നിർബന്ധിക്കുന്നതും മറ്റുള്ളവരെ ഒഴിവാക്കുന്നതും നീതിയല്ല. മടത്തറ റോഡിൽ നേരത്തേ ഒരു കടയുടെ മുന്നിൽ നടപ്പാതയിലായിരുന്ന തണൽമരം ഇപ്പോൾ കടയ്ക്കകത്താണ്.'

പൃഥ്വിരാജ്

രാജധാനി, പാരിപ്പള്ളി

'കടയുടെ വിസ്തീർണം അളന്ന് തിട്ടപ്പെടുത്തി നടപടിയെടുക്കും.

പാരിപ്പള്ളി ജംഗ്ഷനിലെ അനധികൃത ഇറക്കുകളും വഴിയോരം കയ്യേറലും അവസാനിപ്പിക്കും.പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രേഖകൾ അനുസരിച്ച് കടയുടെ അതിർത്തിയും വിസ്തീർണവും നിശ്ചയിച്ച് അതിനു പുറത്തേയ്ക്കുള്ള ഇറക്കുകൾ നീക്കം ചെയ്യും. ഈമാസം 30നകം നടപ്പാക്കും.'

ബിജു ശിവദാസ്'

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി.