
കൊല്ലം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഗോൾമഴ തീർക്കാൻ പള്ളിമൺ സിദ്ധാർത്ഥ സ്കൂൾ. 32 രാജ്യങ്ങളുടെയും പതാകകളാൽ അലങ്കരിച്ച പ്രത്യേക ഗ്രൗണ്ടിൽ സജ്ജീകരിച്ച വലുതും ചെറുതുമായ രണ്ട് ഗോൾ പോസ്റ്റുകളിൽ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപക ജീവനക്കാരും രക്ഷിതാക്കളും കായിക താരങ്ങളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പൊലീസ് അടക്കമുള്ള സേനാവിഭാഗങ്ങങ്ങളും വരും ദിനങ്ങളിൽ 10000 തവണ ഗോൾവല ചലിപ്പിക്കും.സ്കൂൾ റോബോട്ടിക് ക്ലബിലെ ഇലക്ട്രോണിക് സംവിധാനങ്ങളോടെ സജീകരിച്ചിരിക്കുന്ന ഗോൾ പോസ്റ്റിൽ ഓരോ ഗോളുകളും കൗണ്ട് ചെയ്യുന്നതിന് ഡിജിറ്റൽ സ്ക്രീനും ഉണ്ടാകും.മോഷൻ സെൻസർ സംവിധാനം ഉപയോഗിച്ചാണ് ഇത് നടപ്പാക്കുക. ഗോളടിക്കുന്നവരുടെ സെൽഫിയും സ്ക്രീനിൽ തെളിയും. 'ഗോൾഫി: കിക് ദ ബോൾ ആൻഡ് ക്ലിക്ക് ദ ഗോൾ' എന്ന പേരിൽ നൂതന സംവിധാനം ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിനോടനുബന്ധിച്ച് അനവധി പ്രോഗ്രാമുകളും അരങ്ങേറും.