
പുനലൂർ: ആര്യങ്കാവിൽ യുവകർഷകനായ സന്ദീപ് മാത്യുവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ജിൻസനെയും രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും സ്ഥലം മാറ്റി. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അടക്കം 6 വനപാലകർക്കെതിരെ തെന്മല പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഫോറസ്റ്റിലെ വിജിലൻസ് വിഭാഗത്തെ തെന്മല ഡി.എഫ്.ഒ അനിൽ ആന്റണി ചുമതലപ്പെടുത്തി. മർദ്ദനം നടന്ന കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെ സെല്ലിൽ പൊലീസ് ഫോറൻസിക്ക് വിഭാഗം പരിശോധന നടത്തി.
വെള്ളിയാഴ്‌ചയാണ് ആര്യങ്കാവ് പുതുശേരിയിൽ വീട്ടിൽ സന്ദീപ് മാത്യുവിനെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. കൃഷിയിടത്തിൽ നിന്ന് രാത്രിയിൽ മടങ്ങിയ സന്ദീപിന്റെ ഓട്ടോറിക്ഷ പരിശോധിക്കുമ്പോഴുണ്ടായ വാക്കുതർക്കമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത്. മൂക്കിനും വയറിനും മർദ്ദനമേറ്റ സന്ദീപ് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഡി.എഫ്.ഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സന്ദീപിനെ പി.എസ്.സുപാൽ എം.എൽ.എ സന്ദർശിച്ചു.
വനപാലകരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് ഇന്നലെ മാർച്ച് നടത്തി. തിങ്കളാഴ്ച വിവിധ കർഷക സംഘടകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടക്കും.