photo
കൊട്ടാരക്കര- പുത്തൂർ റോഡിൽ മുസ്ളീം സ്ട്രീറ്റ് ഭാഗത്തെ കുഴികൾ അടച്ചപ്പോൾ

കൊട്ടാരക്കര: ഒടുവിൽ അധികൃതർ കണ്ണുതുറന്നു. കൊട്ടാരക്കര- പുത്തൂർ റോഡിലെ കുഴികൾ അടച്ചു. മുസ്ളീം സ്ട്രീറ്റ് ഭാഗത്ത് പാലത്തിനോട് ചേർന്നും ലക്ഷ്മി ബേക്കറിയ്ക്ക് മുന്നിലും ഉണ്ടായിരുന്ന വലിയ കുഴികളാണ് അടച്ചത്. മാസങ്ങളായി തുടരുന്ന പ്രതിസന്ധിയ്ക്കാണ് പരിഹാരമായത്. കുണ്ടും കുഴിയുമായ റോഡിൽ മഴ വെള്ളം കെട്ടിനിന്ന് അപകടം പതിവായിരുന്നു.

കേരളകൗമുദി വാർത്ത തുണയായി

കുഴികൾ രൂപപ്പെട്ടതും അതിൽ മഴവെള്ളി കെട്ടിനിന്ന് അപകടങ്ങൾ തുടർക്കഥയാകുന്നതുമടക്കം കൊട്ടാരക്കര - പുത്തൂർ റോഡിൽ കുണ്ടും കുഴിയും അപകടങ്ങളും എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് തൊട്ടടുത്ത ദിവസം ബന്ധപ്പെട്ട അധികൃതരെത്തി കുഴികൾ അടയ്ക്കാൻ സംവിധാനമൊരുക്കി. അവണൂർ, പത്തടി ഭാഗങ്ങളിലെ കുഴികൾ അടച്ചു. ശേഷിച്ച ഭാഗം അടയ്ക്കും മുൻപെ അടച്ചതൊക്കെ ഇളകി പഴയ നിലയിലായി. 'പുത്തൂർ റോഡിൽ കുഴിയടയ്ക്കൽ നാടകം' എന്ന തലക്കെട്ടോടെ കേരള കൗമുദി വീണ്ടും വാർത്ത നൽകി. അങ്ങനെയാണ് ഇപ്പോൾ വീണ്ടും കുഴികൾ അടച്ചത്. പുത്തൂർ ടൗണിലെ കലുങ്ക് നിർമ്മാണവും ഓട നിർമ്മാണവും പൂർത്തിയായാൽ ടാറിംഗ് നടത്തുമെന്നാണ് വിവരം. കിഫ്ബിയിൽ ഉൾപ്പെടുത്തിയ ശാസ്താംകോട്ട - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ ഭാഗമാണിത്. 20.80 കോടി രൂപയാണ് അതിനായി അനുവദിച്ചത്.