ulsavabali-chavara-padam

ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ചുള്ള ദർശന പ്രധാന്യമുള്ള ഉത്സവലി ഇന്ന് നടക്കും. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ദേവീ ദർശനം ഉണ്ടായിരിക്കില്ല. ദേവിയുടെ സർവ ഭൂതഗണങ്ങളെയും പാണി കൊട്ടി മന്ത്രപുരസരം ആവാഹിച്ചുവരുത്തി ബലി നൽകി തൃപ്തിപ്പെടുത്തുന്നതാണ് ഉത്സവബലി.

നാലാം ഉത്സവ ദിവസമായ ഇന്നലെ അത്യപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രത്തിലെ നാല് ജങ്കാറുകൾക്കും വിശ്രമമില്ലായിരുന്നു. രാവിലെ നടന്ന കലശാഭിഷേകത്തിനും ഉച്ചയ്ക്ക് നടന്ന അന്നദാനത്തിലും നിരവധി ഭക്തർ പങ്കെടുത്തു. രാവിലെ മുതൽ തന്നെ പേരാലിൽ മണി കെട്ടി തൊഴാനും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. 50ൽപ്പരം കലാകാരന്മാരുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് നടന്ന പഞ്ചാരിമേളം പൊന്മനക്കാരെ അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാഴ്ത്തി. ഭജനം പാർക്കുന്ന പർണശാലകളിലേക്ക് ജാതിമത വ്യത്യാസം ഇല്ലാതെ നിരവധി ഭക്തർ ഒഴുകിയെത്തിയത് പൊന്മനക്കരയിലെ കച്ചവടക്കാർക്കും പ്രയോജനകരമായി. ഇന്നലെ ഞായറാഴ്ചയായതിനാൽ രാത്രി വൈകിയും നല്ല തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.