കൊല്ലം: പ്രതിഭാ ജംഗ്ഷൻ- കൈപ്പള്ളിമുക്ക് റോഡിന്റെ ഇരുവശങ്ങളിലും പരിസരത്തും താമസിക്കുന്നവർ ആഴ്ചകൾക്ക് ശേഷം ഇന്നലെ മുതൽ ശ്വാസം നേരെയെടുത്തു. ഇവിടുത്തുകാരുടെ ശ്വാസം മുട്ടിച്ചിരുന്ന പഴയ പ്രതിഭാ ആശുപത്രി- കൈപ്പള്ളിമുക്ക് ഓടയിലും റോഡിലുമായി കെട്ടിക്കിടന്ന കറുത്തിരുണ്ട മലിനജലം ഇന്നലെ നഗരസഭ ജീവനക്കാരെത്തി തൊട്ടടുത്ത ഒഴിഞ്ഞ പുരയിടത്തിലേക്ക് പമ്പ് ചെയ്ത് വറ്റിച്ചു.

ഉടൻതന്നെ ഓടയുടെ മേൽമൂടിയിളക്കി ശുചീകരിക്കുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. എന്നാൽ മലിനജലം ഒഴുകിപ്പോകുന്ന തരത്തിൽ മറ്റ് ഓടകളുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ മഴ പെയ്യുമ്പോൾ വീണ്ടും പഴയ സ്ഥിതിയാകും. അതുകൊണ്ട് തന്നെ ഈ ഓടയെ കടപ്പാക്കട- കരിക്കോട് റോഡിലെ പൊതുമരാമത്ത് ഓടയുമായി എത്രയും വേഗം ബന്ധിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ചെറു മഴ പെയ്യുമ്പോൾ തന്നെ ഓട നിറഞ്ഞ് റോഡിലാകെ മലനിജലം തളം കെട്ടി പരിസരത്തുള്ളവർക്ക് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. പരിസര പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യം ഈ ഓടയിൽ വന്നടിയും. കാൽനടയാത്രക്കാർക്ക് ദിവസങ്ങളോളം ഇതുവഴി സഞ്ചരിക്കാൻ കഴിയില്ല. പ്രദേശവാസികൾ പകർച്ചാവ്യാധി ഭീഷണിയിലുമായിരുന്നു.