കൊല്ലം: ദേശീയപാത 744ന് സമാന്തരമായി നിർമ്മിക്കുന്ന ചെങ്കോട്ട - കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ വികസനത്തിനുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം വൈകുന്നു.

ദേശീയപാത വികസന അതോറിറ്റി തയ്യാറാക്കി സമർപ്പിച്ച വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരാഴ്ച മുൻപ് ഒപ്പുവച്ചെങ്കിലും ഇതുവരെയും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയാണ് പതിവ്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ 174 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ 56 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് നേരത്തെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കൊല്ലം ജില്ലയിലെ വിജ്ഞാപനം തയ്യാറാക്കുന്നതിന്റെ ഭാഗമായി നാഷണൽ ഹൈവേ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം കടമ്പാട്ടുകോണം മുതൽ തെന്മല വരെ റോഡ് അലൈൻമെന്റ് പരിശോധിച്ചിരുന്നു. സ്ഥലമേറ്റെടുക്കൽ കരട് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലേ തുടർ നടപടികൾ വേഗത്തിലാക്കാൻ കഴിയൂ. കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 58.92 കിലോമീറ്റർ ദൂരമാണ് വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതിൽ 38.24 കിലോമീറ്റർ പുതുതായി നിർമ്മിക്കുന്നതും ബാക്കി നിലവിലുള്ള റോ‌ഡുമാണ്. കടമ്പാട്ടുകോണം, പത്തടി, കുളത്തൂപ്പുഴ, തെന്മല വരെയുള്ള ഭാഗം ഗ്രീൻഫീൽഡ് ഹൈവേയിൽ ഉൾപ്പെടും. തെന്മല മുതൽ ആര്യങ്കാവ് വരെ നിലവിലുള്ള റോഡും വികസിപ്പിക്കും.

കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഏറ്റെടുക്കുക - 230 ഹെക്ടർ ഭൂമി

റോഡിന്റെ വീതി - 45 മീറ്റർ (4 വരി പാത)

വനമേഖലയിൽ - 30 മീറ്റർ

തുടർനടപടികൾ

 കരട് വിജ്‌‌ഞാപനം വന്നുകഴിഞ്ഞാൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലിടും

 വീണ്ടും സർവേ നടത്തി ഫൈനൽ വിജ്‌ഞാപനം പുറപ്പെടുവിച്ച ശേഷമാവും നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുക

 ഏറ്റെടുക്കുന്ന ഭൂമിയുടെ 75 ശതമാനം തുക ദേശീയപാത വികസന അതോറിറ്റിയും 25 ശതമാനം തുക സംസ്ഥാന സർക്കാരും വഹിക്കും