
തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
മൺറോത്തുരുത്ത്: സ്കൂൾകുട്ടികളുമായി പോയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനിലോറിയിലിടിച്ച് ലോറി ഡ്രൈവർക്കും രണ്ട് തൊഴിലാളികൾക്കും സാരമായി പരിക്കേറ്റു. അപകടത്തിലേക്ക് വന്നുകയറിയ രണ്ട് ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാല് വിദ്യാർത്ഥികളെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ വിട്ട് കുട്ടികളുമായി വന്ന കാഞ്ഞിരകോട് സെന്റ് മാർഗരറ്റ് സ്കൂളിന്റെ ബസ് കൊടുവിളയിൽ നിന്ന് ഇടിയക്കടവ് ഇറക്കം ഇറങ്ങി പാലത്തിലേക്ക് അടുക്കുമ്പോഴാണ് എതിർദിശയിൽ നിന്ന് ലോറി വരുന്നത് കണ്ടത്. ബസ് നിറുത്താൻ ശ്രമിച്ചെങ്കിലും ബ്രേക്ക് നഷ്ടപ്പെട്ട് ലോറിയിലിടിക്കുകയായിരുന്നു. പാലത്തിന്റെ കൈവരിയിൽ തട്ടിയാണ് ലോറി നിന്നത്. തലനാരിഴയ്ക്കാണ് വലിയൊരപകടം ഒഴിവായത്. ബസിൽ മുപ്പതോളം കുട്ടികളുണ്ടായിരുന്നു. ഇതിനിടയിലകപ്പെട്ട ബൈക്ക് യാത്രക്കാരായ അഭിജിത്ത്, കിച്ചു എന്നിവർക്കാണ് പരിക്കേറ്റത്. ലോറി ഡ്രൈവർ പ്രവീൺ (35), അന്യസംസ്ഥാന തൊഴിലാളികളായ മണിക്ക് റായ് (30), വികാസ് റായി (40) എന്നിവരെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴക്കേകല്ലട എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും കുണ്ടറ സ്റ്റേഷൻ ഓഫീസർ സക്കറിയ മുഹമ്മദിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാലത്തിലൂടെ മൺറോത്തുരുത്തി ലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.