sindhu

കൊല്ലം: സ്റ്റാൻഫോർഡ് സർവകലാശാല പുറത്തിറക്കിയ ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടിയ കൊല്ലം സ്വദേശിനി ഡോ.ആർ.സിന്ധുവിനെ എസ്.എൻ.ഡി.പി യോഗം 6405-ാം നമ്പർ മുണ്ടയ്ക്കൽ സെൻട്രൽ ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ശാഖാപ്രസിഡന്റ് അഡ്വ.ശുഭദേവൻ, സെക്രട്ടറി ആർ.ശരത്ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനുമോദനം.

കാരുവേലിൽ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ഫുഡ് ടെക്നോളജി വിഭാഗം പ്രൊഫസറായ സിന്ധു 2005 മുതൽ നടത്തിയ ഗവേഷണങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും അടിസ്ഥാനത്തിലാണ് മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംപിടിച്ചത്. ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണമാണ് അതിൽ പ്രധാനം.

പ്രൊഫ.ചിൻചൊൽക്കർ അവാർഡ്, എൽസീവിയർ ബയോറെസ്ക് അവാർഡ് തുടങ്ങിയ നിരവധി ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. അഞ്ച് അന്താരാഷ്ട്ര ജേർണലുകളുടെ എഡിറ്ററും വിദേശ സർവകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസറുമാണ്. എം.ജി സർവകലാശാല സ്കൂൾ ഒഫ് ബയോ ടെക്നോളജിയിൽ നിന്നും 2005ൽ ഡോക്ട്രേറ്റ് നേടി. മുണ്ടയ്ക്കൽ സിന്ധുവിൽ പരേതനായ മുൻ പൊതുമരാമത്ത് വകുപ്പ് എൻജിനിയർ രവീന്ദ്രന്റെയും ഊർമിളയുടെയും മകളാണ്. രാമകൃഷ്ണനാണ് ഭർത്താവ്. ശാന്തിപ്രിയ മകളാണ്.