road
വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തത് കാരണം നിർമ്മാണം നിലച്ചിരിക്കുന്ന തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ സമാന്തര റോഡ്.

പടിഞ്ഞാറേ കല്ലട : പഞ്ചായത്തിൽ മാസങ്ങളായി മുടങ്ങിക്കിടന്ന കോതപുരം തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ സമാന്തര റോഡ് നിർമ്മാണ ജോലികൾ ഉടൻ പുനരാരംഭിയ്ക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കേരള കൗമുദി വാർത്തയെ തുടർന്നാണ് നടപടി. വൈദ്യുതി ബോർഡും റെയിൽവേ അധികൃതരും തമ്മിൽ എം.പി നടത്തിയ ചർച്ചയിലാണ് പരിഹാരമായത്.

പോസ്റ്റ് മാറ്റി സ്ഥാപിക്കും

വർഷങ്ങൾക്കു മുമ്പ് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിനുവേണ്ടി റെയിൽവേയുടെ സ്ഥലത്ത് കൂടി അനുവാദമില്ലാതെ പോസ്റ്റ് കുഴിച്ചിട്ട് ലൈൻ വലിച്ചതും പിന്നീട് അതുമാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവ് ആര് വഹിക്കുമെന്നുള്ള തർക്കമായിരുന്നു നിലനിന്നിരുന്നത്. എം.പിയുടെ ഇടപെടലിനെ തുടർന്ന് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവ് റെയിൽവേ വൈദ്യുതി ബോർഡിന് നൽകുവാൻ ധാരണയായി.



റെയിൽവേയുടെയും വൈദ്യുതി ബോർഡിന്റെയും അധികാരികളുമായി സമാന്തര റോഡ് നിർമ്മിയ്ക്കുന്ന സ്ഥലത്തെ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തി. പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിലേക്കുള്ള ചെലവ് റെയിൽവേ വൈദ്യുതി ബോർഡിന് നൽകുവാൻ ധാരണയായി. എത്രയും വേഗം ശേഷിക്കുന്ന ജോലികൾ പൂർത്തീകരിച്ച് അടിപ്പാത പൊതു ഗതാഗതത്തിനായി തുറന്നു കൊടുക്കുവാൻ റെയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊടിക്കുന്നിൽ സുരേഷ് എം.പി.


സമാന്തര റോഡ് നിർമ്മാണം വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്ത കാരണത്താൽ നിലച്ചിട്ട് മാസങ്ങൾ ആകുന്നു.തലയിണക്കാവ് റെയിൽവേ ഗേറ്റ് കാരണം വർഷങ്ങളായി ഇവിടുത്തെ ജനങ്ങൾ അനുഭവിച്ചുവരുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണുവാൻ എത്രയും വേഗം നിർമ്മാണം പൂർത്തീകരിച്ചേ മതിയാകൂ.
ഉമ്മൻ രാജു
രക്ഷാധികാരി
കല്ലട സൗഹൃദം കൂട്ടായ്മ.


പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഏറെ പ്രയോജനപ്പെടുന്ന തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെയും സമാന്തര റോഡിന്റെയും പണി എത്രയും വേഗം പൂർത്തീയാക്കുവാൻ വേണ്ട നടപടി അധികൃതർ സ്വീകരിക്കണം.

തോമസ് വേഴാമല ,
സംഘാടകസമിതി ചെയർമാൻ,
കല്ലട പ്രവാസി കൂട്ടായ്മ.