കൊല്ലം: സംസ്ഥാനത്തെ റോഡുകളുടെ ഗുണമേന്മ അന്താരാഷ്ട്ര നിലവാരത്തിൽ പരിശോധിക്കുന്നതിന് മൊബൈൽ ലാബുകൾ ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോ ഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റോഡുപണി തുടരുമ്പോൾ സഞ്ചരിക്കുന്ന ലാബുകൾ വഴി നിരീക്ഷണവും സാദ്ധ്യമാകും. റോഡ് നിർമ്മാണം സമയക്രമം വച്ച് കൃത്യസമയത്ത് പൂർത്തിയാക്കും. വിവിധ ആവശ്യങ്ങൾക്കായി റോഡ് കുഴിക്കുന്ന വകുപ്പുകൾ കാലതാമസം കൂടാതെ നന്നാക്കി പഴയ നിലയിലാക്കുന്നതിന് നിർദേശം നൽകി. ജല അതോറിറ്റി ഇക്കാര്യത്തിൽ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കണമെന്നും നിർദേശിച്ചു. കെട്ടിടനിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കുന്നതിന് കോമ്പസിറ്റ് ടെണ്ടർ അഥവാ ഒറ്റടെണ്ടർ സംവിധാനം ഏർപ്പെടുത്തും. വകുപ്പുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ സാങ്കേതിക തടസങ്ങളും നൂലാമാലകളും പരിഹരിച്ച് നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കും. ഇതിനായി ഡി.ഐ.സി.സി പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.
എം.എൽ.എമാരായ എം.മകേഷ്, എം.നൗഷാദ്, ഡോ. സുജിത്ത് വിജയൻ പിള്ള, ജി.എസ്.ജയലാൽ, പി.എസ്.സുപാൽ, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, പി.ഡബ്ല്യു.ഡി സെക്രട്ടറി അജിത്ത് കുമാർ, ജില്ലാ കളക്ടർ അഫ്സാന പർവീൺ, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, ഡെപ്യൂട്ടി സെക്രട്ടറി സീറാം സാംബശിവറാവു, മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രതിനിധി പി.കെ.ജോൺസൺ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.