photo
തേവലപ്പുറത്ത് മിനി സ്റ്റേഡിയം നിർമ്മിക്കുന്ന ഭൂമി

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ തേവലപ്പുറത്ത് മിനി സ്റ്റേഡിയം വരുന്നു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി ഒന്നര കോടി രൂപ സ്റ്റേഡിയം നിർമ്മിക്കാൻ അനുവദിച്ചു. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ളതാണ് ഭൂമി. വർഷങ്ങളായി ഗ്രാമപഞ്ചായത്തിന്റെ സ്റ്റേഡിയമെന്ന നിലയിൽ ഉപയോഗിക്കാറുണ്ടെങ്കിലും മഴക്കാലത്ത് ഇവിടെ ചെളിക്കുണ്ടായി മാറുന്നതാണ് സ്ഥിതി. കുറ്റിക്കാട് വളർന്നും ചെളിക്കുണ്ടായും ഇവിടം ഉപയോഗശൂന്യമായി മാറിവരുമ്പോഴാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്. ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലമെന്ന ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്റ്റേഡിയമൊരുക്കുക.

വെള്ളം കയറാത്ത സംവിധാനം

തേവലപ്പുറം മൂന്നുമൂർത്തി ക്ഷേത്രത്തിന്റെ ചിറയോട് ചേർന്നാണ് കളിസ്ഥലമുള്ളത്.

ചെളിക്കുണ്ടാകുന്ന സ്റ്റേഡിയം ഫുട് ബാൾ, ക്രിക്കറ്റ് കളികൾക്കായാണ് പ്രദേശത്തെ ചെറുപ്പക്കാർ ഉപയോഗിക്കുന്നത്. മഴക്കാലത്ത് തീർത്തും കളിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഊറ്റിറങ്ങുന്ന ചതുപ്പ് ഭൂമിയുമാണ്. ഇതിന്റെ ഒരു വശത്തുകൂടി മണ്ണ് റോഡുമുണ്ട്. വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം സ്റ്റേഡിയത്തിന് സംരക്ഷണമൊരുക്കേണ്ടതുണ്ട്. നാല് വശവും ഓടയൊരുക്കി മൂടി സ്ഥാപിച്ച് വെള്ളം സ്റ്റേഡിയത്തിലേക്ക് കടക്കാത്തവിധം സംവിധാനമുണ്ടാക്കണം. ചുറ്റുവേലി നിർമ്മിച്ച് റോഡുമായി വേർതിരിക്കണം. ക്ഷേത്രക്കുളത്തിന്റെ ഭാഗത്തായി ഉയരത്തിൽ മറയുണ്ടാക്കണം. മണ്ണിട്ട് ഉയർത്തുകയും ഇരിപ്പിടങ്ങളൊരുക്കുയും ചെയ്താലേ സ്റ്റേഡിയത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.

തേവലപ്പുറത്ത് മിനി സ്റ്റേഡിയം യാഥാർത്ഥ്യമാക്കും. ചെറുപ്പക്കാരുടെ ആരോഗ്യത്തിനും വിനോദത്തിനും കളിസ്ഥലങ്ങൾ അനിവാര്യമാണ്. പ്രഭാത സവാരികൾക്കുൾപ്പടെ ഉപയോഗിക്കാൻ എല്ലാവർക്കും കഴിയണം.

- മന്ത്രി കെ.എൻ.ബാലഗോപാൽ

നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ ഒട്ടേറെ കായിക താരങ്ങളുണ്ട്. സ്റ്റേഡിയത്തിന്റെ കുറവ് സാരമായി ബാധിക്കുന്നുമുണ്ട്. ഇത്തവണ കേരളോത്സവം നടത്തിയത് പലയിടങ്ങളിലായിട്ടാണ്. നമ്മുടേതായ മിനി സ്റ്റേഡിയം വരുന്നത് വലിയ ആശ്വാസമാകും.

ആർ.സത്യഭാമ, പ്രസിഡന്റ്, നെടുവത്തൂർ ഗ്രാമപഞ്ചായത്ത്

തേവലപ്പുറത്ത് മിനി സ്റ്റേഡിയം വരുന്നതോടെ കായിക താരങ്ങൾക്ക് മാത്രമല്ല, പ്രഭാത നടത്തക്കാർക്കും ഗുണം ചെയ്യും. പഞ്ചായത്തിനകത്തും പുറത്തുമുള്ള കായിക താരങ്ങളെ പങ്കെടുപ്പിച്ച് ടൂർണമെന്റുകളടക്കം നടത്താനുമാകും.

ആർ.എസ്.അജിതകുമാരി,

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ,

നെടുവത്തൂർ പഞ്ചായത്ത്