ചാത്തന്നൂർ: ചാത്തന്നൂർ റീജിയണൽ സർവീസ് സഹകരണബാങ്കിൽ ഈടുവച്ച് വായ്പയെടുത്തിരുന്ന വിവരം മറച്ചുവച്ച് പുരയിടം വിൽപ്പന നടത്തിയ കേസിൽ ഒളിവിലായിരുന്നയാളെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ താഴം ആമ്പാടിയിൽ ജി.ജയപ്രകാശാണ്(52) അറസ്റ്റിലായത്. 2013ൽ ഏഴുലക്ഷം രൂപയ്ക്ക് സഹകരണബാങ്കിൽ പണയം വച്ച മീനാട് വില്ലേജിൽ കോയിപ്പാട് ചേരിയിലെ 16.5 സെന്റ് പുരയിടം ബാങ്ക്ലോൺ വിവരം മറച്ചുവച്ച് 6,75,000 രൂപയ്ക്കാണ് പരാതിക്കാരനായ സത്യനേശന്റെയും ഭാര്യ ശാന്തകുമാരിയുടേയും പേർക്ക് എഴുതി നൽകിയത്. ഇതിൽ 3,50,000 രൂപ രണ്ടാം പ്രതിയായ രാധാകൃഷ്ണൻ എന്നയാൾ കൈപ്പറ്റിയതായും പറയുന്നു. പുരയിടം പോക്ക് വരവുനടത്തി നൽകാതായതോടെ സത്യനേശൻ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാതെ ചാ‌ർജ് ഷീറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും കേസിൽ പുരോഗതിയില്ലാതായതോടെ സത്യനേശനും ഭാര്യയും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെത്തുടർന്നാണ് നടപടി. ചാത്തന്നൂർ എസ്.എച്ച്.ഒ. ശിവകുമാറിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.