ചവറ : ഇടപ്പള്ളിക്കോട്ട - കന്നിട്ട കടവ് റോഡിലൂടെ കാൽ നടയാത്രപോലും ദുഷ്കരമായി. വലിയ കുഴികളും മറ്റും കണ്ടാൽ റോഡാണോ എന്ന് പോലും സംശയിക്കും. ഇരുചക്രവാഹനളും മറ്റും വളരെ സാഹസപ്പെട്ടാണ് ഇതുവഴി പോകുന്നത്. പൊൻമന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലേക്ക് വടക്കൻ ജില്ലകളിൽ നിന്നെത്തുന്ന ആയിരകണക്കിന് ഭക്തർ കടത്തിറങ്ങാനെത്തുന്ന കന്നിട്ട കടവിലേക്കുള്ള ഏക റോഡാണിത്. കന്നിട്ട കടവിലെത്തി ജങ്കാറിൽ പൊൻമന കരയിലെത്തി ക്ഷേത്ര ദർശനം നടത്തുന്ന ഭക്തർ രാത്രിയിലും പകലും ഉയോഗിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. വൃശ്ചികം 12 വിളക്കുമഹോത്സവവുമായി ബന്ധപ്പെട്ട് റോഡിലെ ശോച്യാവസ്ഥ ചൂണ്ടി കാട്ടി ബന്ധപ്പെട്ട അധികൃതരെ നേരത്തെ അറിയിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല.
ഇടപെടാതെ പൻമന പഞ്ചായത്ത് അധികൃതർ
പൻമന പഞ്ചായത്തിലെ റോഡിന്റെ അവസ്ഥ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ദേശീയപാത വികസനത്തിന്റെ ഒട്ടുമിക്ക പ്രവർത്തനങ്ങൾക്കുമായി ഇടപ്പള്ളിക്കോട്ടയ്ക്ക് പടിഞ്ഞാറു വശത്തെ കെ.എം.എം.എൽ വക സ്ഥലത്തേക്ക് ദിവസവും നിരവധി വാഹനങ്ങൾ പോകുന്നതും ഇതുവഴിയാണ്.