
കൊല്ലം:നൂറുകണക്കിന് ജനങ്ങൾ ദിനവും സഞ്ചരിക്കുന്ന മൺറോത്തുരുത്തിലെ നീറ്റുംതുരുത്ത്-സാൻജോസ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമന്ന് നാട്ടുകാർ ആവശ്യപ്പെടുമ്പോൾ ഉടൻ ശരിയാക്കാം എന്ന വാഗ്ദാനമല്ലാതെ വർഷങ്ങളായി മറ്രൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകിന്നില്ല. ഗ്രാമ പഞ്ചായത്ത് മെമ്പർ മുതൽ എം.പി വരെ വാഗ്ദാനം നൽകി പോയവരുടെ കൂട്ടത്തിലുണ്ട്. ചെളിയിൽ കൂടി നീന്തി യാത്ര ചെയ്യാനാണ് നാട്ടുകാരുടെ ദുർവിധി. മഴക്കാലത്തും വേലിയേറ്റത്തിലും വെളളം കെട്ടി നിന്ന് ചെളി നിറഞ്ഞ വലിയ കുഴികളാണ് ഒരു കിലോമീറ്റർ ദൂരമുള്ള റോഡ് മുഴുവൻ. ഏതാണ്ട് അൻപതോളം കുടുംബങ്ങളാണ് ഈ ഭാഗത്ത് താമസിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വാഹനങ്ങളൊന്നും ഇതുവഴി പോകാറില്ല. അടിയന്തരാവശ്യത്തിന് ഓട്ടം വിളിച്ചാൽപ്പോലും ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. ആശുപത്രി ഉൾപ്പെടെ ഒഴിച്ചുകൂടാൻ പറ്റാത്ത സന്ദർഭങ്ങളിൽ ഓട്ടോറിക്ഷ വിളിച്ചാൽ 500 രൂപയാണ് ചാർജ്. സാധാരണ ഓട്ടത്തിന് 100 രൂപ വരെ ഈടാക്കുന്ന സാഹചര്യത്തിലാണ് വലിയ തുക നൽകേണ്ടി വരുന്നത്. വാഹനംസമയത്ത് കിട്ടാതെ ആശുപത്രിയിൽ എത്താൻ കഴിയാതെ രോഗികൾ മരണപ്പെട്ട ഒന്നിലധികം സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനെത്തുടർന്ന് നീറ്റുംതുരുത്ത് ഇടയിലേ വീട്ടിൽ ലളിത(63) ഒരു വർഷം മുൻപ് മരണപ്പെട്ടിരുന്നു.
ചെളിയിൽ കുളിച്ച് കുട്ടികളും
സ്കൂൾ വിദ്യാർത്ഥികളായ 35ഓളം കുട്ടികൾ ഇവിടെയുണ്ട്. ദിവസേനെയുളള ഇവരുടെ യാത്രയാണ് കൂടുതൽ പ്രയാസം. ചെളിയിൽ കുളിച്ചാണ് ഇവരുടെ യാത്ര. രാവിലെ യൂണിഫോമും ഷൂസും ധരിച്ച് സ്കൂളിലേക്ക് പോകുന്ന ഇവർ റോഡിലൂടെ നടന്ന് സ്കൂളിലെത്തുമ്പോഴേക്കും ചെളിപറ്റിയിരിക്കും. ഇത് ഒഴിവാക്കാൻ ഷൂസും വസ്ത്രങ്ങളും ബാഗിൽ സൂക്ഷിക്കും. റോഡ് അവസാനിക്കുന്ന സ്ഥലത്ത് വച്ച് വസ്ത്രങ്ങൾ മാറി യാത്ര തുടരുകയാണ് പതിവ്.
..........................................................
'വർഷങ്ങളായി നാട്ടുകാർ അനുഭവിക്കുകയാണ്. ജനങ്ങളെ ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കാൻ ജനപ്രതിനിധികൾ മുന്നോട്ടു വരണം'
അനിമോൻ
എസ്. എൻ. ഡി. പി യോഗം 523-ാം നമ്പർ ശാഖാ കമ്മിറ്റിയംഗം.