 
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ കൈത്തറി നെയ്ത്തുശാല കാടുമൂടി കാട്ടു മൃഗങ്ങളുടെ താവളമായി.
ആദിവാസി ക്ഷേമത്തിനായി കുളത്തൂപ്പുഴയിൽ ആരംഭിച്ച പട്ടിക വർഗ്ഗ നെയ്ത്തു സഹകരണ സംഘമാണ് അധികൃതർ തിരിഞ്ഞുനോക്കാതെ നശിക്കുന്നത്. 1984 ൽ പട്ടികവർഗ വികസനവകുപ്പിന്റെ അധീനതയിൽ വില്ലുമല ആദിവാസി കോളനിയിൽ നെയ്ത്തു ശാല ആരംഭിച്ചു. പരിശീലനം നേടുന്നവരുടെ എണ്ണവും തൊഴിലാളികളും വർദ്ധിച്ച് വികസന നേട്ടം കൈവരിച്ചതോടെ 1989ൽ വകുപ്പ് ഇടപെട്ട് കുളത്തൂപ്പുഴ പതിനാറേക്കർ കേന്ദ്രമാക്കി സ്ഥലം വാങ്ങി കെട്ടിടവും നിർമ്മിച്ച് നൽകി. തറികളുടെ അറ്റകുറ്റ പണികൾക്കും മറ്റും ആവശ്യമായ തുക അനുവദിച്ചു നൽകാൻ വകുപ്പ് അധികൃതർ തയ്യാറാകാതെ വന്നതോടെയാണ് നെയ്ത്തു ശാലയുടെ നാശം തുടങ്ങിയത്.
തൊഴിലും വരുമാനവും
30 തറികളും അതിനാവശ്യമായ അനുബന്ധന സൗകര്യങ്ങളുമടക്കം പ്രവർത്തനം വിപുലമായി നടന്ന നെയ്ത്തുശാലയാണ്. ആദിവാസി സ്ത്രീകൾക്ക് തുണി നെയ്യാൻ പരിശീലനം നൽകി. പരിശീലനകാലത്ത് 5000 രൂപ വരെ ഇവർക്ക് സ്റ്റൈപ്പൻഡായും നൽകിയിരുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ വേതനവും നൽകി.
തുടക്കത്തിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന് പിന്നീട് സർക്കാരിൽ നിന്ന് ധനസഹായമോ മേൽനോട്ടമോ ലഭിച്ചില്ല. നെയ്‌തെടുക്കുന്ന തുണിത്തരങ്ങൾ വാങ്ങാൻ ആളില്ലാതെ, വേതനം കൊടുക്കാൻകഴിയാതെ വന്നതോടെ നെയ്ത്തു ശാല പൂട്ടി.
സാമൂഹ്യവിരുദ്ധരുടെ താവളം
പ്രദേശത്ത് പരിശീലനം നേടിയവർ ഏറെയുണ്ടെങ്കിലും തുശ്ചമായ വേതനത്തിന് പണി എടുക്കാൻ ഇപ്പോൾ ആരും തയ്യാറല്ല. നൂലിന് നിറം പിടിപ്പിക്കുന്നതിനായി നെയ്തു കേന്ദ്രത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന വലുപ്പമേറിയ ചെമ്പു പാത്രവും അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കൾ കടത്തുകയും ചെയ്തു. അതിനിടെ തൊഴിലാളികളുടെ നേതൃത്വത്തിൽ 10 തറികൾ അറ്റകുറ്റ പണി നടത്തി പുറത്ത് നിന്നുള്ള ആളുകളെ ഏർപ്പെടുത്തി വിദ്യാലയങ്ങളിലേക്കുള്ള യൂണിഫോമിനാവശ്യമായ തുണി നെയ്തു നൽകി നിലനിൽപ്പിനായുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതോടെ നെയ്ത്തുശാല കെട്ടിടം കാടു കയറി പാമ്പുവളർത്തൽ കേന്ദ്രമാവുകയും ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറി.
നെയ്ത്തുശാല ആദിവാസി ജനവിഭാഗത്തിന് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന തരത്തിൽ നവീകരിക്കാൻ അധികൃതർ ഇടപെടണം.
ഷെഫീക്ക് ചോഴിയക്കോട്
(വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി)