കൊല്ലം: ലിങ്ക് റോഡിന്റെ തോപ്പിൽക്കടവിലേക്കുള്ള നാലാംഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടുത്തമാസം രണ്ടാംവാരത്തിനുള്ളിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ തലസ്ഥാനത്ത് യോഗം ചേരും. എം.മുകേഷ് എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കിഫ്ബി സി.ഇ.ഒ, നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
നാലാംഘട്ടത്തിന്റെ ആവശ്യകതയ്ക്ക് പുറമേ പാലം നിർമ്മാണത്തിന് സാങ്കേതികമായി പ്രശ്നങ്ങളില്ലെന്നുള്ള തങ്ങളുടെ വാദം കെ.ആർ.എഫ്.ബി യോഗത്തിൽ അവതരിപ്പിക്കും. കിഫ്ബി സാങ്കേതിക വശങ്ങൾ ഉയർത്തി ശക്തമായി എതിർത്താൽ തീരുമാനം നീളും. തേവള്ളി പാലത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന നാലാംഘട്ടത്തിലെ പാലത്തിന് ജലനിരപ്പുമായി അവശ്യമായ അകലമില്ല, കൊല്ലം തേനി ദേശീയപാതയുടെ വീതികൂട്ടലിനെ ബാധിക്കും തുടങ്ങിയ കാര്യങ്ങൾ നിരത്തിയാണ് നാലാംഘട്ട നിർമ്മാണത്തിന് തടയിട്ടിരിക്കുന്നത്. ഇതിനെതിരെ പൊതുമരാമത്ത് വകുപ്പും കെ.ആർ.എഫ്.ബിയും സ്ഥലപരിശോധന നടത്തി വിശദമായ മറുപടി നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടും നാലാംഘട്ടത്തിന്റെ രൂപരേഖയും കിഫ്ബി വിശദപരിശോധനയ്ക്ക് കൺസൾട്ടൻസിയെ ഏൽപ്പിച്ചിരിക്കുകയാണ്. കൺസൾട്ടൻസി വൈകാതെ നാലാംഘട്ടത്തിന് അനുകൂലമായ റിപ്പോർട്ട് നൽകിയാൽ മന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള യോഗം ഒഴിവാക്കും.
നാലാംഘട്ടത്തിന് അനുമതി ലഭിക്കാത്തതിനാൽ മൂന്ന് മാസം മുൻപ് പൂർത്തിയായ കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ ഓലയിൽക്കടവ് വരെയുള്ള മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം വൈകുകയാണ്.